എറണാകുളം: ഏലൂര്‍ പാതാളം ഇ.എസ്.ഐ ആശുപത്രിയിലെ ശസ്ത്രക്രിയ ഉകരണങ്ങല്‍ അണുവിമുക്തമാക്കാനുള്ള യന്ത്രം സൗജന്യമായി ഇറക്കി നല്‍കി ചുമട്ടു തൊഴിലാളികള്‍. നേരത്തെ 15000 രൂപ കൂലിയായി ലഭിച്ചിരുന്ന ജോലിയാണ് ചുമട്ടുതൊഴിലാളികള്‍ ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാന്‍ സൗജന്യമായി ചെയ്തു നല്‍കിയത്.
പ്രസ്തുത യന്ത്രം ഇല്ലാത്തതിനാല്‍ പാതാളം ഇ.എസ്.ഐ ആശുപത്രിയില്‍ നടത്തേണ്ടിയിരുന്ന നിരവധി ശസ്ത്രക്രിയകള്‍ എറണാകുളം മെഡിക്കല്‍ കോളേജ്, ജില്ല ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയിരുന്നു.
നേരത്തെ കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് യന്ത്രം ഇറക്കുന്നത് മുടങ്ങിയിരുന്നു. കഴിഞ്ഞ തവണ ലഭിച്ചിരുന്ന അതേ കൂലി തന്നെ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും ഹരിയാനയില്‍ നിന്നും യന്ത്രം എറണാകുളത്തെത്തിച്ച കമ്പനി ഇത് നല്‍കാന്‍ തയ്യാറായില്ല.
മാത്രവുമല്ല യന്ത്രം തിരികെ കൊണ്ടുപോകാനായി ആശുപത്രി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കണമെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ യന്ത്രം ആശുപത്രിയില്‍ എത്തിക്കണമെന്ന നിലപാടില്‍ ആശുപത്രി അധികൃതര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
യന്ത്രം കൃത്യ സമയത്ത് എത്താത്തതിനാല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയത് ശ്രദ്ധയില്‍പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി വിഷയത്തില്‍ ഇടപെട്ടിരുന്നു. ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടപെടുകയും ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുകയും ചെയ്തതോടെ ചുമട്ടുതൊഴിലാളികള്‍ കൂറ്റന്‍ യന്ത്രം സൗജന്യമായി ഇറക്കി നല്‍കുകയായിരുന്നു.
അതേസമയം തങ്ങള്‍ ഒരിക്കലും അമിതകൂലി ആവശ്യപ്പെട്ടിരുന്നില്ലെന്നും കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ലഭിച്ച അതേ കൂലി തന്നെയാണ് ആവശ്യപ്പെട്ടിരുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
content highlights; The porters unloaded the huge machine for the hospital for free; The work was done for free which was paid Rs 15000 earlier