| Friday, 10th May 2024, 8:55 am

മുസ്‌ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ കൂടിയെന്ന് മോദിയുടെ ഉപദേശക സമിതി; വര്‍ഗീയത വിളമ്പി കേന്ദ്ര സര്‍ക്കാര്‍ സംവിധാനവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ഗീയത വിളമ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെയും കൂട്ടുപിടിച്ച് ബി.ജെ.പി. ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി (ഇ.എ.സി.പി.എം) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി ബി.ജെ.പി സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ റിപ്പോര്‍ട്ട്.

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്‍ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.

1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തില്‍ നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വാദിക്കുന്നു. ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ 5.38 ഉം സിഖുകാരുടെ ജനസംഖ്യയില്‍ 6.58 ശതമാനവും വര്‍ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് വിവാദമായതോടെ ഉപദേശക സമിതിയുടെ കണക്കുകളെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. യു.പി.എ ഭരണകാലത്ത് ഉണ്ടായ കോണ്‍ഗ്രസിന്റെ അവഗണനയാണ് ഹിന്ദുക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായതെന്ന് ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ക്ക് ഒരു രാജ്യം പോലും അവശേഷിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെ ഇന്ത്യാ സഖ്യം രൂക്ഷമായി വിമര്‍ശിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സെന്‍സസ് പോലും നടത്താതെ മുസ്‌ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായെന്ന് അവകാശപ്പെടുന്ന ഈ കണക്കുകള്‍ എങ്ങനെയാണ് ലഭിച്ചതെന്ന് തേജസ്വി യാദവ് ചോദിച്ചു.

നരേന്ദ്ര മോദി നിങ്ങള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ദയവായി ഈ ഹിന്ദു -മുസ്ലിം ബൈനറി മാറ്റിവെച്ച് രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: The population figures released by the Prime Minister’s Advisory Committee are in controversy

We use cookies to give you the best possible experience. Learn more