| Saturday, 6th July 2019, 11:49 pm

സണ്ണി ഡിയോളിന്റെ എം.പി സ്ഥാനം നഷ്ടപ്പെട്ടേക്കും; കൂടുതല്‍ പണം ചെലവഴിച്ചെന്ന് ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി:ഗുരുദാസ്പൂര്‍ എം.പിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച പണം അനുവദനീയമായതിലും അധികമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചെലവഴിക്കാവുന്ന തുകയായ 70 ലക്ഷം രൂപയില്‍ കൂടുതലാണ് ചെലവഴിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഗുരുദാസ്പൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നിന്നാണ് അന്തിമ റിപ്പോര്‍ട്ടിലാണ് സണ്ണി ഡിയോള്‍ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച പണം അനുവദനീയമായതിലും അധികമെന്ന് പറയുന്നത്. 78,51,592 രൂപയാണ് സണ്ണി ഡിയോള്‍ ചെലവഴിച്ചിരിക്കുന്നത്. 8.51 ലക്ഷം രൂപയാണ് നടന്‍ കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത്.

പരമാവധി ചിലവഴിക്കാവുന്ന തുകയുടെ അപ്പുറത്തേക്കുള്ള തുക ചെലവഴിച്ചാണ് വിജയിച്ചതെങ്കില്‍ ആ എം.പിമാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചേക്കും എന്നാണ്
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന് അത്തരം എം.പിമാരെ അയോഗ്യനാക്കാനും രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ത്ഥിയെ വിജയി ആയി പ്രഖ്യാപിക്കാനും അവകാശമുണ്ട്. അങ്ങനെയൊരു നടപടി സണ്ണി ഡിയോളിനെതിരെ സ്വീകരിച്ചാല്‍ രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജഖാറിനെ വിജയിയായി പ്രഖ്യാപിക്കും. ഈ സാധ്യതയാണ് കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കുന്നത്.

സുനില്‍ ജഖാറിനെ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് സണ്ണി ഡിയോള്‍ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. സ്ഥിരമായി ഇവിടെ നിന്ന് എം.പിയായി വിജയിച്ചിരുന്ന വിനോദ് ഖന്ന അന്തരിച്ചതോടെയാണ് സണ്ണി ഡിയോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായെത്തിയത്.

We use cookies to give you the best possible experience. Learn more