| Saturday, 11th January 2020, 1:21 pm

യു.എ.പി.എ യുടെ രാഷ്ട്രീയം പരിശോധിക്കുന്നു; കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെ ചുമത്തിയത് 150 ല്‍ അധികം യു.എ.പി.എ കേസുകള്‍

നസീറ നീലോത്ത്

2019 നവംബര്‍ 3ാം തിയ്യതിയാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ 20ഉം 24ഉം വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു.എ.പി.എ അഥവാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിരോധന നിയമപ്രകാരം (Unlawful Activities Prevention Act,1969) പന്തീരാങ്കാവ് പൊലീസ് കേസെടുക്കുന്നത്.

ഇരുവര്‍ക്കും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകരാണെന്നുമായിരുന്നു അറസ്റ്റിനെക്കുറിച്ച് പൊലീസ് പ്രതികരിച്ചത്.

അലനും താഹയും

കുറ്റാരോപിതരുടെ കയ്യില്‍ നിന്നും പ്രസ്തുത സംഘടനയിലെ പ്രവര്‍ത്തകരാണ് ഇവരെന്ന് തെളിയിക്കാനുള്ള രേഖകള്‍ പിടിച്ചെടുത്തെന്നും പൊലീസ് അവകാശപ്പെടുന്നുണ്ട്. കേരളത്തില്‍ അടുത്തകാലത്തായി യു.എ.പി.എ നിയമത്തെ പറ്റിയുള്ള സജീവ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമാണ് വിഷയം വഴി തുറന്നത്.

സെഷന്‍സ് കോടതിക്ക് പുറമെ ഹൈക്കോടതിയും നേരത്തേ ഇരുവരുടേയും ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. ഇതോടെയാണ് പുതുവര്‍ഷത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ (ജനുവരി 3ന്) അമ്മമാരുടെ മുന്‍കൈയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് കോഴിക്കോട് നഗരത്തില്‍ ഉപവാസ സമരം നടത്തുന്നതിലേക്കെത്തിയത്.

കോഴിക്കോട് നഗരത്തില്‍ അമ്മമാര്‍ നടത്തിയ ഉപവാസ സമരം

കേരള പൊലീസ് യു.എ.പി.എ ചുമത്തി എന്‍.ഐ.എക്ക് കൈമാറിയ വിദ്യാര്‍ത്ഥികളെ ഉടന്‍ മോചിപ്പിക്കുക, യു.എ.പി.എ, എന്‍.ഐ.എ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍. സാമൂഹ്യപ്രവര്‍ത്തകരായ കെ.അജിത, വിജി പെണ്‍കൂട്ട്, അംബിക, ജോളി ചിറയത്ത്, ഡോ.പിഗീത തുടങ്ങിയവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലയെന്ന ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ് യു.എ.പി.എ നിയമമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോഴിക്കോട് നഗരത്തില്‍ അമ്മമാര്‍ നടത്തിയ ഉപവാസ സമരം

വിചാരണ കൂടാതെ കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന്, അല്ലെങ്കില്‍ സംശയമുള്ള ഏതൊരാളേയും തെളിവുകള്‍ പോലും ഇല്ലാതെ പോലീസിന് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യാമെന്നതാണ് നിയമത്തിന്റെ ഏറ്റവും വലിയ അപകടം. 2008ലെയും 2019 ലെയും ഭേദഗതിയിലൂടെ വ്യക്തികളേയും ഭീകരവാദികളായി, നിയമപ്രകാരം അറസ്റ്റു ചെയ്യാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ യു.എ.പി.എ നിയമപ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. യു.എ.പി.എക്കെതിരെ കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും അതിന്റെ ഇരകളുടെ കാര്യത്തില്‍ വിവേചനം നടക്കുന്നു എന്നതും വിമര്‍ശനമായി വന്നിരുന്നു.

വൈത്തിരിയില്‍ പൊലീസ് വെടിവച്ചുകൊന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ചതിന് രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തതും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതിന് ദിവസങ്ങള്‍ മുന്‍പാണ്.

കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും തണ്ടര്‍ബോള്‍ട്ടിനെ പിരിച്ചുവിടണമെന്നുമായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍. എന്നാല്‍ ഈ വിഷയം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. കാരണം ഇത്തരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന്റെയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന്റെയും പേരില്‍ കേരളത്തില്‍ അടുത്തകാലത്തായി ധാരാളം യു.എ.പി.എ കേസുകള്‍ രജിസ്ററര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മാവോയിസ്റ്റ് എന്ന ഒരൊറ്റ ആരോപണത്തില്‍ ആര്‍ക്കെതിരെയും യു.എ.പി.എ ചുമത്താമെന്ന് കേരള പൊലീസ് പലപ്പോഴായി തെളിയിച്ചതുമാണ്.

അലന്‍, ത്വാഹ ഫസല്‍

നവംബര്‍ മൂന്നിനാണ് പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അലനേയും ത്വാഹ ഫസലിനേയും അറസ്റ്റ് ചെയ്യുന്നത്. കേസില്‍ യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് ആദ്യം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

അലനും താഹയും

യു.എ.പി.എ ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്ന കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസ് 2008ലെ എന്‍.ഐ.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ പെടുന്നതാണെന്നതായിരുന്നു എന്നതാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ കാരണമായി പറഞ്ഞത്.

യു.എ.പി.എ നിയമം കര്‍ക്കശമാക്കാനുള്ള ഭേദഗതികള്‍ 2008ല്‍ കേന്ദ്രമന്ത്രിയായിരിക്കെ പി ചിദംബരം സഭയിലവതരിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ നാല് പ്രതിനിധികള്‍ ഭേദഗതിയെ എതിര്‍ത്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്ന്വാനം ചെയ്തതിന്റെ പേരില്‍ ഒരു ആദിവാസി സ്ത്രീക്കെതിരെ പോലും യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലലിടച്ചത് സി.പി.ഐ.എം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭ ഭരിക്കുമ്പോഴാണ് എന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഷാന്റോ ലാല്‍

2014 ലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പോരാട്ടം എന്ന സംഘടന പോസ്റ്റര്‍ പ്രചരണം നടത്തിയതിന് കേരളത്തില്‍ ചുമത്തപ്പെട്ടത് 9 യു.എ.പി.എ കേസുകളാണ്. പോരാട്ടം ജനറല്‍ കണ്‍വീനറായിരുന്ന ഷാന്റോലാല്‍ ഈ 9 യു.എ.പി.എ കേസുകളിലും പ്രതിയായിരുന്നു. ഇതില്‍ ഒരു കേസില്‍ തെളിവില്ലെന്നു കണ്ട് പൊലീസ് കേസ് അവസാനിപ്പിക്കുകയും നടക്കാവ്, മെഡിക്കല്‍ കോളജ് കേസുകളില്‍ നിന്ന് യു.എ.പി.എ ഒഴിവാക്കിയതായും ഷാന്റോലാല്‍ പറയുന്നു.

നിലവില്‍ ഷാന്റോലാലിന്റെ പേരില്‍ ആറ് യു.എ.പി.എ കേസുകളുണ്ട്. ഇതില്‍ തൃശൂരില്‍ നിന്നും അറസ്റ്റിലായ ദിലീപ്, അജിതന്‍, സാബു എന്നിവരെ കേരള സാഹിത്യ അക്കാദമി വളപ്പില്‍ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

കതിരൂര്‍ മനോജ്

കേരളത്തില്‍ യു.എ.പി.എ വിരുദ്ധ ക്യാപയിനുകള്‍ പലതും വ്യക്തികളുമായി ചേര്‍ന്നാണ് എന്നതാണ് ചരിത്രം. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എമ്മിന്റെ സമുന്നതനായ നേതാവ് പി.ജയരാജനെതിരെ സി.ബി.ഐ യു.എ.പി.എ ചുമത്തിയപ്പോള്‍ അതിനെതിരെ സി.പി.ഐ.എം ശക്തമായി പ്രതികരിച്ചിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തപ്പോള്‍ പൊലീസ് ആരോപണങ്ങളെ ശരിവച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. ആദ്യഘട്ടത്തില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ നിന്നുതന്നെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധങ്ങള്‍ വന്നിരുന്നു. എല്ലാവര്‍ക്കുമെതിരെ ചുമത്താവുന്നതല്ല യു.എ.പി.എ എന്ന നിലപാടാണ് പി. ജയരാജന്‍ അന്ന് പറഞ്ഞത്.

പി.ജയരാജന്‍

യു.എ.പി.എ ‘കരിനിയമം’ ആണെന്ന് ജയരാജന്‍ പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നുമാണ്. എന്നാല്‍ അവിടെയും നിയമം ചിലര്‍ക്കെതിരെ ചുമത്താമെന്ന നിലപാടിലായിരുന്നു ജയരാജനും. യു.എ.പി.എ ‘കരിനിയമ’മാണെന്നും ഇരുതലമൂര്‍ച്ചയുള്ള വാളാണെന്നുമുള്ള നിലപാടാണ് വിഷയത്തില്‍ നിയമമന്ത്രി എ.കെ ബാലനും പ്രതികരിച്ചത്.

നിയമത്തിനെതിരെ സംസാരിക്കുമ്പോഴും നല്ല യു.എ.പി.എ ചീത്ത യു.എ.പി.എ എന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതും, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതും, ലഘുലേഖ കയ്യില്‍ വയ്ക്കുന്നതും യു.എ.പി.എ ചുമത്താന്‍ പര്യാപ്തമാണെന്ന് കാണിക്കുന്നതായിരുന്നു അടുത്ത കാലത്തുണ്ടായ യു.എ.പി.എ കേസുകള്‍. 2016ല്‍ എഴുത്തുകാരനായ കമല്‍ സി ചവറ, സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന നദീര്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ എടുത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെയായിരുന്നു.

യു.എ.പി.എയുടെ ചരിത്രം

നിയമവിരുദ്ധ പ്രര്‍ത്തന തടയല്‍ നിരോധന നിയമം (Unlawful Activities Prevention Act ) 2008ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട നിയമമല്ല. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടാണ് യു.എ.പി.എ വീണ്ടും ഭേദഗതി ചെയ്ത് അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ പലകാലങ്ങളിലായി നിലനിന്നിരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നിരോധിക്കല്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട വ്യത്യസ്ത നിയമങ്ങളുടെ പതിപ്പുമാത്രമാണിത്.

TADA (Terrorist and Disruptive Activities (Prevention) Act 1985, അതിനു ശേഷം കൊണ്ടുവന്ന POTA (Prevention of Terrorism Act, 2002) എന്നിവയ്ക്ക് ശേഷം ഭേദഗതികളോടെ യു.എ.പി.എ പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു. 1967ല്‍ അവതരിപ്പിച്ച യു.എ.പി.എ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കി അതേ വര്‍ഷം ഡിസംബര്‍ 30ന് പ്രസിഡന്റിന്റെ അനുമതിയും ലഭിച്ച് നിയമമാകുകയായിരുന്നു.

ടാഡ, പോട്ട നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ കൈകടത്തുന്നതായും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നിയമങ്ങള്‍ പിന്‍വലിക്കുന്നത്. 1989,91,93 വര്‍ഷങ്ങളില്‍ ടാഡ നിയമത്തില്‍ ഭേദഗതികള്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഭീകരവാദികള്‍ക്കെതിരെയല്ല ഇവ പ്രയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1995ല്‍ നിയമം പിന്‍വലിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും ടാഡ പ്രകാരം 76,000 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ രണ്ടുശതമാനത്തില്‍ താഴെ മാത്രമുള്ളവരെയാണ് കുറ്റക്കാരായി കണ്ടെത്തിയതും ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങിയതും. അതിനു ശേഷം അവതരിപ്പിക്കപ്പെട്ട POTA നിയമവും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലില്‍ നിന്നാണ് 2004ല്‍ അത് പിന്‍വലിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ഇത്തരത്തില്‍ പോലീസിനും സൈന്യത്തിനും അസാധാരണമായ അധികാരങ്ങള്‍ നല്‍കുന്ന നിയമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവ പിന്‍വലിക്കപ്പെട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ആര്‍മ്ഡ് ഫോഴ്സസ് സ്പെഷല്‍ പവര്‍ ആക്ട് (AFSPA) ഇത്തരത്തില്‍ ഏറെ ദുരുപയോഗം ചെയ്യപ്പെട്ട നിയമമാണ്. ഇത്തരം നിയമങ്ങള്‍ എല്ലാം തന്നെയും ജനാധിപത്യ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും പോലീസിനും സൈന്യത്തിനും അമിതാധികാരം നല്‍കിയതിന്റേയും ഫലങ്ങള്‍ ചരിത്രത്തില്‍ ഉണ്ടെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കെ.പി സേതുനാഥ് ചൂണ്ടിക്കാട്ടുന്നു.

കെ.പി സേതുനാഥ്

മാത്രമല്ല യു.എ.പി.എ പ്രകാരം പ്രതിചേര്‍ക്കപ്പെട്ട ഒരാളുടെ ഉത്തരവാദിത്തമാണ് താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത്. സാധാരണ ഗതിയില്‍ കുറ്റം തെളിയിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണെങ്കില്‍ യു.എ.പി.എയില്‍ താന്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും കുറ്റാരോപിതനിലേക്ക് എത്തപ്പെടുന്നു.

തങ്ങളുടെ നേതാക്കള്‍ക്കെതിരെ അല്ലെങ്കില്‍ അണികള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ മോശമാകുകയും മറ്റുള്ളവര്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ ന്യായീകരിക്കുകയും ചെയ്യുന്നു എന്നത് ജനാധിപത്യപരമായിട്ടുള്ള പരിസരവും അവകാശബോധവും ഉണ്ടാക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറയുന്നു.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍, പിന്‍വലിക്കപ്പെട്ട POTA നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് നിയമം ഭേദഗതി ചെയ്യുകയായിരുന്നു. നേരത്തേ നിരോധിത സംഘടനകളിലെ അംഗമായാല്‍ യു.എ.പി.എ ചുമത്തിയിരുന്നെങ്കില്‍ 2008ലെ ഭേദഗതിയിലൂടെ അത് വ്യക്തികള്‍ക്കെതിരെയും ചുമത്താമെന്നായി. സംശയത്തിന്റെ പേരില്‍ ഏതൊരാള്‍ക്കെതിരെയും കേസെടുക്കാമെന്നായി. നിയമം അവതരിപ്പിച്ചതിനു ശേഷം ഇങ്ങോട്ട് നിയമത്തിന്റെ ഇരകളായി മാറിയവരില്‍ ഏറെയും ദളിത്, മുസ്ലിം, ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട വ്യക്തികളായിരുന്നു എന്നത് ഏറെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങള്‍ക്കും കാരണമായി.

അമിത്ഷാ

നീതിയെ നിയമം അട്ടിമറിക്കുന്നുവെന്നും ഭരണഘടനാധിഷ്ഠതമായ നിയമവാഴ്ചയ്ക്കു നേരെ വെല്ലുവിളി ഉയര്‍ത്തിയെന്നതും പൗരസമൂഹത്തില്‍ വലിയ ആരോപണങ്ങളായി വന്നു. 2008ല്‍ ദേശസുരക്ഷയ്ക്കൊപ്പം ആരുണ്ട് എന്ന് ചോദിച്ച് കോണ്‍ഗ്രസ് യു.എ.പി.എ ഭേദഗതി വരുത്തി അവതരിപ്പിച്ചെങ്കില്‍ 2019 ല്‍ ഇത് അമിത്ഷായാണെന്നു മാത്രം.

പഴയ കോണ്‍ഗ്രസിന്റെ യു.എ.പി.എ ക്യാമ്പയിനു പകരം തീവ്രവാദത്തിന്റെ കൂടെ ആരുണ്ടെന്ന് കാണട്ടെ എന്ന ഭീഷണിയിലായിരുന്നു ബി.ജെ.പി പ്രതിപക്ഷത്തെ വലിയൊരളവില്‍ നിയമത്തിന്റെ പ്രയോഗത്തില്‍ നിശ്ശബ്ദരാക്കിയത്. മാത്രമല്ല ഭീകരപ്രവര്‍ത്തനം നടത്തിയ വ്യക്തിയുടെ പേരിലുള്ള സ്വത്തുവകകള്‍ സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായത്തോടെയല്ലാതെ N.I.Aക്ക് കണ്ടുകെട്ടാമെന്ന ഭേദഗതി കൂടി അമിത്ഷാ പുതിയ ഭേദഗതിയില്‍ ചേര്‍ത്തു.

ഭരണകൂടത്തിന് തീവ്രവാദി ആകാന്‍, അല്ലെങ്കില്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരാള്‍ സാധ്യതയുണ്ടെന്ന തോന്നുന്നു എന്ന ഒറ്റ വാക്കില്‍ യു.എ.പി.എ നിയമപ്രകാരം പൗരരെ തടവിലിടാം എന്നതാണ് യു.എ.പി.എ അനുവദിക്കുന്നത്. രാജ്യത്തെ, രാഷ്ട്രത്തെ, ദുര്‍ഭരണങ്ങളെ, വംശീയതയെയും മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെയും എതിര്‍ശബ്ദങ്ങളെയുമെല്ലാം യു.എ.പി.എ നിയമപ്രകാരം കോടതികള്‍ക്കുള്ളില്‍ നീണ്ടകാല വിചാരണകളില്‍ നിശ്ശബ്ദരാക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിച്ചത്.

സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം

1992ല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് യു.എ.പി.എ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതാണ് ആര്‍.എസ്.എസിനെ. എന്നാല്‍ അന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്ന വാജ്പേയി ഉള്‍പ്പെടെയുള്ളവരെ സംഘടനയില്‍ മെമ്പറായിരുന്നു എന്ന കാരണത്താല്‍ അറസ്റ്റ് ചെയ്തില്ല. ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമില്‍ ഈഴം, സി.പി.ഐ മാവോയിസ്റ്റ്, ഹിസ്ബുള്‍ മുജാഹിദീന്‍, കലിസ്ഥാന്‍ കമാന്‍ഡോ ഫോര്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ യു.എ.പി.എ പ്രകാരം നിരോധിച്ച സംഘടനകളാണ്.

കബീര്‍ കലാമഞ്ച് എന്ന രാഷ്ട്രീയ സാംസ്‌കാരിക സംഘത്തിന്റെ പ്രവര്‍ത്തകരെ 2011ല്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലലടച്ചത് മൂന്ന് വര്‍ഷത്തോളമാണ്. ശാരീരിക പരിമിതി നേരിടുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ജി.എന്‍ സായിബാബ, ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നോള്‍ ഗോണ്‍സാല്‍വേസ്, സുധ ഭരധ്വാജ്, റോണാ വില്‍സണ്‍ ഉള്‍പ്പെടെയുള്ള നിരവധി ജനങ്ങളെ അടുത്ത കാലത്ത് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത് ദേശീയ തലത്തില്‍ തന്നെ നിയമത്തിനെതിരായ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

കേരളത്തിലെ യു.എ.പി.എ കേസുകള്‍

യു.എ.പി.എ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരുകള്‍ രഹസ്യമാക്കി വച്ചിരുന്നു. കേരളത്തില്‍ 2014 മുതല്‍ 2019 സപ്തംബര്‍ വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട യു.എ.പി.എ കേസുകള്‍ 151 എണ്ണമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ 2019 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെ വിവരങ്ങളാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകളില്‍ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്ന മറുപടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്.

അതുകൊണ്ടുതന്നെ യു.എ.പി.എ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും പൂര്‍ണമായും ലഭ്യമല്ല. ഇതിനു പുറമെ എന്‍.ഐ.എ നേരിട്ടെടുത്ത 11 ഓളം കേസുകളുമുണ്ട്. നിരോധിത സംഘടനയായ ഐസിസുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും മാവോയിസ്റ്റ് കേസുകളും ഇതില്‍ പെടും.

ശ്യാം ബാലകൃഷ്ണന്‍

2015ല്‍ ശ്യാംബാലകൃഷ്ണനെന്ന ചെറുപ്പക്കാരനെ വയനാട്ടില്‍ വച്ച് മാവോയിസ്റ്റാണെന്ന് ആരോപിച്ച് യു.എ.പി.എ ചാര്‍ത്തിയ കേസ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. പൊലീസിന് ശക്തമായി താക്കീത് നല്‍കിയതിനൊപ്പം ശ്യാംബാലകൃഷ്ണന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

മാവോയിസ്റ്റാണ് എന്ന കാരണത്താല്‍ മാത്രം ഒരാളെ തടവിലിടാനാവില്ലെന്ന് ഹൈക്കോടതി ഈ കേസിനിടെ നിരീക്ഷിച്ചിരുന്നു. മാത്രമല്ല പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനും ആശയങ്ങളില്‍ വിശ്വസിക്കുന്നതു കൊണ്ടുമാത്രം ഒരാളെ ഭീകരവാദിയായി മുദ്രകുത്താന്‍ പാടില്ലെന്ന് നിരവധി തവണ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മാവോയിസത്തില്‍ അനുഭാവം പ്രകടിപ്പിക്കുന്നവരെ പോലും യു.എ.പി.എ ചുമത്താന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നായിരുന്നു പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വിധി കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്രയും സുഭാഷ് റെഡ്ഡിയും അടങ്ങുന്ന ബെഞ്ച് സ്റ്റേ ചെയ്യുയായിരുന്നു. സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകനായ രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയത് ഒഴിവാക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചതും അടുത്തകാലത്താണ്.

യു.എ.പി.എ കേസില്‍ അറസ്റ്റിലായ ദിലീപ്, അജിതന്‍ എന്നിവര്‍

2014ല്‍ യു.എ.പി.എ പ്രകാരം കേരളത്തില്‍ എടുത്തത് 30 കേസുകളാണെങ്കില്‍ 2015 ല്‍ ഇത് 35 ആയും അടുത്ത വര്‍ഷം 36 ആയും ഉയര്‍ന്നു. 2017ല്‍ 4 കേസുകളായി ഇവ ചുരുങ്ങിയെങ്കിലും 2018ല്‍ 17ലേക്കും തുടര്‍ന്ന് 29 കേസുകളുമായി വര്‍ദ്ധിക്കുകയും ചെയ്തതായി ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ യു.എ.പി.എ പ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. രാഷ്ട്രീയ-സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇത്തരം കേസുകള്‍ പുനപരിശോധിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുന:പരിശോധനയുടെ മാനദണ്ഡമെന്താണെന്നോ ആരാണ് പുന:പരിശോധന നടത്തുന്നതെന്നത് സംബന്ധിച്ച കാര്യങ്ങളിലോ അന്നും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

തുഷാര്‍ നിര്‍മല്‍ സാരഥി

പിന്നീട് 43 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയതായും ആ കേസുകളില്‍ യു.എ.പി.എ വകുപ്പുകള്‍ നീക്കം ചെയ്യുമെന്നും ഡി.ജി.പിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ 43 കേസുകള്‍ ഏതാണെന്ന കാര്യത്തിലും വ്യക്തത ഇതുവരെയും നല്‍കിയിട്ടില്ല. പുന:പരിശോധനയുടെ ഫലമറിയാന്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ.തുഷാര്‍ നിര്‍മ്മല്‍ സാരഥി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഇതിനായി സര്‍ക്കാര്‍ സമിതിയെ ഒന്നും നിയോഗിച്ചിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്.

അപേക്ഷയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അപേക്ഷ അയച്ചതായും തുഷാറിനു കിട്ടിയ മറുപടിയിലുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ റിട്ട.ജസ്റ്റിസ് പി.എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സമിതി ഇത്തരം കേസുകള്‍ പുന:പരിശോധിച്ചതായും ആറ് കേസുകള്‍ റദ്ദാക്കുകയും ഏതാനും കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു എന്നുള്ള വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു.

കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയപ്പോഴാണ് സി.പി.ഐ.എം നിയമത്തിനെതിരെ സമീപകാലത്ത് ശക്തമായി പ്രതിഷേധം നടത്തിയത്. തനിക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ഹൈക്കോടതിയില്‍ ജയരാജന്‍ നല്‍കിയ അപ്പീല്‍ തള്ളുന്നതിനിടെ കേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ മുന്നോട്ടു വച്ച നിരീക്ഷണം ശ്രദ്ധേയമായിരുന്നു.

ജസ്റ്റിസ് കെമാല്‍ പാഷ

വനത്തില്‍ കിടക്കുന്ന ആദിവാസിയെ പിടിച്ചുകൊണ്ടുവരാന്‍ മാത്രമാണ് നിങ്ങള്‍ യു.എ.പി.എ ഉപയോഗിക്കുന്നതെന്ന് വാക്കാല്‍ അദ്ദേഹം പറഞ്ഞിരുന്നു. കതിരൂര്‍ മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ജയരാജന്റെ ഹരജിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നോട്ട് വന്നതിലെ യുക്തിക്കുറവിനേയും കോടതി വിമര്‍ശിച്ചിരുന്നു. യു.എ.പി.എ സര്‍ക്കാരിന്റെ നയമല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് അലനും താഹയും മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നുള്ള പോലീസ് വാദം അക്ഷരംപ്രതി ആവര്‍ത്തിക്കുന്നതും യു.എ.പി.എയെ ന്യായീകരിക്കുന്നതും.

അതേസമയം പോലീസ് നടപടിയെ എതിര്‍ത്ത് എം.സ്വരാജ് എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തേണ്ട ഒരു സാഹചര്യവുമില്ലെന്നായിരുന്നു സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞത്. പോലീസ് നടപടി ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്ന പന്തീരാങ്കാവ് ഏരിയ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചതിന്റെ പേരില്‍ വകുപ്പ് ചുമത്താനാവില്ലെന്നും കമ്മിറ്റി പരസ്യമായി നിലപാടെടുത്തിരുന്നു.

എല്‍.ഡി.എഫിലെ ഘടകക്ഷിയായ സി.പി.ഐ ആദ്യം മുതല്‍ തന്നെ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു.. പോലീസ് റിപ്പോര്‍ട്ടിനെ അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരെ കുറിച്ച് ബഹുമാനമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. യു.എ.പി.എക്കെതിരെ എ.ഐ.വൈ.എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലായിരുന്നു കാനത്തിന്റെ വിശദീകരണം.

കെ. സച്ചിദാനന്ദന്‍

സച്ചിദാനന്ദനെ പോലെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും വിഷയത്തില്‍ ശക്തമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. യു.എ.പി.എ തന്നെ ഒരു കരിനിയമമാണെന്നും വ്യക്തികളെയും ഭീകരവാദികളായി കാണാമെന്ന ഭേദഗതി അതിനെ ഒന്നുകൂടി കറുത്തതാക്കിയിരിക്കുന്നു എന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പക്ഷവും, പ്രത്യേകിച്ച് ഇടതുപക്ഷം ഉപയോഗിക്കാന്‍ പാടില്ലാത്ത ഒന്നാണത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതുമായി ബന്ധപ്പെട്ട് ചോദിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും കിട്ടുന്ന മറുപടികള്‍ വളരെ നിരാശാജനകവും അഹങ്കാര പൂര്‍ണ്ണവുമാണെന്നും സച്ചിദാനന്ദന്‍ തുറന്നടിച്ചിരുന്നു.

ഗോപിനാഥന്‍ കമ്മിറ്റി

യു.എ.പി.എ നിയമത്തിലെ 45 വകുപ്പ് പ്രകാരം, ഈ നിയമപ്രകാരമെടുത്ത കേസുകളില്‍ പോലീസ് അന്വേഷണത്തിന് ശേഷം കേസുകള്‍ പരിശോധിച്ച് ആരോപിതര്‍ക്കെതിരെ വിചാരണാനുമതി നല്‍കാമോ ഇല്ലയോ എന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്ന അതോറിറ്റി വേണമെന്നുണ്ട്. ഇപ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2018 ജനുവരി 5ന് നിയോഗിച്ച സമിതിയാണ് റിട്ട.ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ അധ്യക്ഷനായ കമ്മിറ്റി. ഡി.ഐ.ജി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ആഭ്യന്തരം-നിയമം വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ വീതമാണ് കമ്മിറ്റിയിലുള്ളത്.

അതിനു മുന്‍പ് യു.എ.പി.എ കേസുകളുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ലോ സെക്രട്ടറി ചെയര്‍മാനായ സമിതിക്ക് കേസുകള്‍ പുനപരിശോധന നടത്താന്‍ അധികാരമുണ്ടായിരുന്നില്ല. വിചാരണ നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാമോ ഇല്ലയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുക എന്ന പരിമിത അധികാരം മാത്രമേ ഈ കമ്മിറ്റിക്കുള്ളു. ചുരുക്കത്തില്‍ ഇത്തരം കേസുകളില്‍ വിചാരണാനുമതി നല്‍കണമോ വേണ്ടയോ എന്ന് ശുപാര്‍ശ ചെയ്യാനായി നിയമിച്ചതാണ് ഗോപിനാഥന്‍ കമ്മിറ്റിയെ.

മുഖ്യമന്ത്രിയുടെ വിശദീകരണം

അലന്റെയും താഹയുടേയും വീട്ടില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും ലഭിച്ചിട്ടുള്ളതായാണ് പോലീസ് പറയുന്നത്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായും പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന വാദമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചത്.

പിണറായി വിജയന്‍

രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി ആയിരുന്നു പിണറായിയുടെ വിശദീകരണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് അവതരിപ്പിച്ചത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിലവിലുണ്ടായിരുന്ന എല്ലാ യു.എ.പി.എ കേസുകളിലും പ്രോസിക്യൂഷന്‍ അനുമതി തേടുന്നതിന് മുന്‍പ് പോലീസ് മേധാവിയുടെ തലത്തില്‍ ഒരാവര്‍ത്തി കൂടി അന്വേഷിക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. അത്തരം പരിശോധനയ്ക്ക് കേസുകള്‍ പ്രോസിക്യൂഷന് അനുവദിക്കാനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് സംഘപരിവാര്‍ രാഷ്ട്രീയം ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ രാജ്യത്താകമാനം എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തലുകള്‍ നടത്തുകയാണെന്ന് 2016 ഡിസംബര്‍ 19ന് പാലക്കാട് വീരശൈവ സഭയുടെ ചടങ്ങില്‍ സംസാരിച്ച വ്യക്തിയാണ് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി. കല്‍ബുര്‍ഗിയെ സംഘപരിവാര്‍ കൊലപ്പെടുത്തിയതിലെ വിയോജിപ്പുകള്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ചു കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കമല്‍ സി നജ്മല്‍ എന്ന എഴുത്തുകാരനെതിരെ 2016ല്‍ കേരള പോലീസ് ഇതേ വകുപ്പില്‍ കേസെടുത്തത്.

നദീര്‍, കമല്‍ സി നജ്മല്‍ എന്നിവര്‍

യു.എ.പി.എക്കെതിരെ കേന്ദ്രനേതൃത്വം ശക്തമായ നിലപാടെടുക്കുമ്പോഴും കേരള സര്‍ക്കാര്‍ ഇതേ നിലപാടല്ല പിന്തുടരുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടര്‍ച്ചയായി യു.എ.പി.എ കേസുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

തീവ്രവാദക്കേസുകളില്‍ ഉപയോഗിക്കുന്ന നിയമമായ യു.എ.പി.എ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന 2017 ജനുവരി ഏഴിന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ വലിയതോതില്‍ ദുരുപയോഗിക്കപ്പെട്ട നിയമമാണ്, ചില കേസുകളില്‍ ഇത് വേണ്ടി വന്നേക്കാം എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.

കോടിയേരി ബാലകൃഷ്ണന്‍

കേസുകള്‍ പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ഡി.ജി.പി ലോക്നാഥ് ബെഹ്റ, സര്‍ക്കാര്‍ പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി, പോലീസിന്റെ നിയമോപദേശകന്‍ എന്നിവരുള്‍പ്പെട്ട സമിതി 2012 മുതല്‍ യുഎപിഎ ചുമത്തപ്പെട്ട കേസുകള്‍ പുനപരിശോധിച്ചിരുന്നു. ഇത്തരത്തിലുള്ള 162 കേസുകളില്‍ 120 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള 42 എണ്ണത്തില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡിജിപി അറിയിച്ചിരുന്നു. അന്നുവരെ സി.പി.എം ഭരണത്തിലെത്തിയ ശേഷം രജിസ്റ്റര്‍ ചെയ്തത് 26 കേസുകളാണ്. ഇതില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയി എന്ന് ആരോപിക്കപ്പെടുന്ന കാസര്‍ഗോഡ് സ്വദേശികള്‍ക്കെതിരായ കാസര്‍ഗോഡ് ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഒഴികെ ബാക്കിയുളള 2 കേസിലും യു.എ.പി.എ നിലനില്‍ക്കില്ല.

പൊലീസ് നടപടിക്കെതിരെ താഹയുടേയും അലന്റെയും കുടുംബം

‘എല്ലാ ഭരണകൂടവും സ്വേഛാധിപതികളെ സൃഷ്ടിക്കുന്നു, അവരുടെ ഈഗോകളാണ് നിരപരാധികളെ തടവിലാക്കുന്നത്. അലന്റെ അമ്മ സബിത മഠത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികളാണിത്. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേഛാധിപതികളുടേയും അന്ത്യം ദയനീയമാണെന്നും അതുകൊണ്ടുതന്നെ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും’ പറയുന്ന കുറിപ്പ് അവസാനിപ്പിക്കുന്നത് എന്ന് പ്രതീക്ഷയോടെ, നിന്റെ അര്‍ബന്‍ സെക്കുലറായ അമ്മ എന്നായിരുന്നു. അലന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി സി.പി.ഐ.എം പ്രവര്‍ത്തകരാണ്.

അലന്റെ അമ്മ സബിത മഠത്തില്‍

താഹയെ ജയിലിലിട്ടതു കണ്ട് ഭയന്ന് മറ്റു കുട്ടികളോട് വീട്ടിലിരിക്കാന്‍ പറയില്ലെന്നായിരുന്നു താഹയുടെ ഉമ്മ ജമീല കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരത്തിനിടെ പറഞ്ഞത്. താഹയെ താന്‍ നന്നായി തന്നെയാണ് വളര്‍ത്തിയതെന്നും പ്രവര്‍ത്തിക്കാനുള്ളത് പ്രവര്‍ത്തിക്കുക തന്നെ വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം യു.എ.പി.എ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ത്വാഹയുടെ ഉമ്മ ജമീല

ജനാധിപത്യത്തിലെ സേഫ്റ്റി വാല്‍വുകളാണ് വിയോജിപ്പുകളെന്നും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് കൊണ്ടോ ഒരാശയത്തില്‍ വിശ്വസിക്കുന്നത് കൊണ്ടോ മാത്രം ഒരാള്‍ക്കെതിരെ ഇത്തരം നിയമങ്ങള്‍ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയതാണ്. മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയുമ്പോള്‍ മാവോയിസ്റ്റാക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹ, നന്ദിനി സുന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഛത്തീസ്ണ്ഡ് പോലീസ് മാവോയിസ്റ്റ് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴായിരുന്നു കോടതി ഇടപെടല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നസീറ നീലോത്ത്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more