| Monday, 1st August 2022, 7:32 pm

കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവർ ഇ.ഡിയുടെ ഇരയാകുന്നതിന്റെ രാഷ്ട്രീയം; പത്ര ചൗൾ കേസ്

മായാ ഗിരീഷ്

പത്ര ചൗൾ കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലർച്ചെതന്നെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ ഇ.ഡി 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.

പരിശോധനയ്ക്കായി ഇ.ഡി റാവത്തിന്റെ വീട്ടിലെത്തിയപ്പോൾ നിരവധി ശിവസേന അനുയായികൾ ഇ.ഡിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.

അന്വേഷണ ഏജൻസികൾ സർക്കാരിന്റെ കൈയിലെ പാവകളാണെന്ന് പരക്കെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തുള്ള സഞ്ജയ് റാവത്തിനെതിരെ പെട്ടെന്നുള്ള ഇ.ഡി നടപടി വൻ പ്രശ്‌നങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.

പേടിയുള്ളത് കൊണ്ടാണ് ബി.ജെ.പി അദ്ദേഹത്തെ ജയിലിലാക്കിയതെന്നും ഒരു തെളിവുകളും തങ്ങൾക്ക് തന്നിട്ടില്ലെന്നും ശിവസേന എം.എൽ.എ സുനിൽ റാവത്ത് പറഞ്ഞിരുന്നു.

കള്ളപ്പണക്കേസിൽ സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തതിനെതിരെ ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പ്രതിഷേധിച്ചിരുന്നു. ‘ ഇ.ഡി എന്നാൽ ബി.ജെ.പിയുടെ ഒരു വിപുലമായ വകുപ്പ് ‘ എന്നെഴുതിയ പ്ലക്കാർഡുമായി നിൽക്കുന്ന പ്രിയങ്ക ചതുർവേദിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രരായി അന്വേഷിക്കാനുള്ള അവകാശമുണ്ടെന്നും സഞ്ജയ് റാവത്തിന്റെ ഇ.ഡി അറസ്റ്റിൽ രാഷ്ട്രീയ പ്രേരണകൾ ഒന്നുമില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാർ അവകാശപ്പെടുന്നത്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ അരങ്ങേറിയ മഹാനാടകങ്ങളിൽ ബി.ജെ.പിയുടെ പങ്ക് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ശിവസേനയിൽ നിന്നുള്ള വിമതരുടെ കൂറുമാറ്റം മഹാരാഷ്ട്ര സർക്കാരിനെ വൻ സമ്മർദത്തിലാഴ്ത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ഉദ്ധവ് താക്കറെയുടെ രാജിവെക്കലിനു ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയെയും ശിവസേനയെയും സമ്മർദത്തിലാക്കിക്കൊണ്ടിരിക്കുന്ന പത്ര ചൗൾ കേസ് എന്താണെന്ന് പരിശോധിക്കാം.

പത്ര ചൗൾ എന്ന സിദ്ധാർഥ് നഗർ

മുംബൈയിലെ ഗോരെഗാവിൽ 47 ഏക്കർ വരുന്ന പത്ര ചൗൾ ഭൂമിയുമായി ബന്ധപ്പെട്ട അഴിമതികേസിലാണ് റാവത്തിനെ അറസ്റ്റ് ചെയ്തത്. സിദ്ധാർഥ് നഗർ എന്നും പത്ര ചൗൾ അറിയപ്പെടുന്നുണ്ട്.

2008 ലാണ് അഴിമതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നത്. 672 വീടുകളാണ് അന്ന് പത്ര ചാളിൽ ഉണ്ടായിരുന്നത്. പ്രദേശത്തെ 672 വാടകക്കാരെയും പുനരധിവസിപ്പിക്കാനും വീടുകൾ പുനർനിർമാണം നടത്താനും ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് (ജി.എ.സി.പി.എൽ) കരാർ നൽകി. മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എം.എച്.എ.ഡി.എ) പദ്ധതി ഏറ്റെടുക്കുകയും ചെയ്തു. അന്ന് ജി.എ.സി.പി.എല്ലും എം.എച്ച്.എ.ഡി.എയും ഒരു ത്രികക്ഷി കരാർ ഒപ്പിട്ടു.

ജി.എ.സി.പി.എൽ പ്രദേശത്തെ ജനങ്ങൾക്ക് ഫ്‌ളാറ്റുകൾ നൽകുകയും എം.എച്ച്.എ.ഡി.എക്ക് വേണ്ടി ഫ്‌ളാറ്റുകൾ നിർമിക്കുകയും, ബാക്കി സ്ഥലം സ്വകാര്യ ഡെവലപർമാർക്ക് വിൽക്കുകയും ചെയ്യണമെന്നുമായിരുന്നു ആ കരാറിൽ പറയുന്നത്.

പത്ര ചൗളിൽ സംഭവിച്ചത്

എന്നാൽ സഞ്ജയ് റാവത്തിന്റെ അടുത്ത ആളായ പ്രവീൺ റാവത്തും ജി.എ.സി.പി.എല്ലിന്റെ മറ്റു ഡയറക്ടർമാരും എം.എച്ച്.എ.ഡി.എയെ കബളിപ്പിക്കുകയും ഫ്‌ളോർ സ്‌പേസ് ഇൻഡക്‌സ് (എഫ്.എസ്.ഐ) ഒമ്പത് സ്വകാര്യ ഡെവലപർമാർക്ക് 901.79 കോടി രൂപയ്ക്ക് നൽകുകയും ചെയ്തു എന്നാണ് ആരോപണം.

എഫ്.എസ്.ഐ എന്നാൽ നിർമാതാക്കൾക്ക് ഒരു പ്രത്യേക ഭൂമിയിൽ നിർമിക്കാൻ കഴിയുന്ന പരമാവധി അനുവദിക്കപ്പെട്ട ഫ്‌ളോർ ഏരിയയാണ്.

പിന്നീട് 2010 ജൂണിൽ ജി.എസ്.പി.എൽ മെഡോസ് എന്നൊരു പദ്ധതി ആരംഭിക്കുകയും ഫ്‌ളാറ്റ് വാങ്ങുന്നവരിൽനിന്ന് ഏകദേശം 138 കോടി രൂപ ബുക്കിങ് തുകയായി വാങ്ങുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇതിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായിരുന്നു.

എം.എച്ച്.എ.ഡി.എയെ കബളിപ്പിക്കുകയും നിയമവിരുദ്ധപ്രവർത്തനങ്ങളിലൂടെ 1039.79 കോടി രൂപ ഗുരു ആശിഷ് കൺസ്ട്രക്ഷൻസ് കൈക്കലാക്കുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെ ഇ.ഡി ആരോപിക്കുന്നത്. ത്രികക്ഷി കരാർ പ്രകാരം പദ്ധതി പൂർത്തിയാകുന്നതുവരെ ഡെവലപർമാർ പ്രദേശത്തെ ജനങ്ങൾക്ക് വാടക നൽകണമെന്നുണ്ടായിരുന്നു, എന്നാൽ 2014-15 വരെ മാത്രമെ വാടക നൽകിയിട്ടുള്ളു എന്നാണ് പറയുന്നത്.

പരാതികൾ ലഭിക്കാൻ തുടങ്ങിയതിനെ തുടർന്ന് 2018ൽ ഡെവലപർമാർക്ക് എം.എച്ച്.എ.ഡി.എ പിരിച്ചുവിടൽ നോട്ടീസ് നൽകി. എഫ്.എസ്.ഐ വാങ്ങിയ ഒമ്പത് ഡെവലപർമാരും ഇതുസംബന്ധിച്ച് ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതോടെ പുനർനിർമാണ പദ്ധതി മുടങ്ങുകയും പ്രദേശത്തെ 672 വാടകക്കാരുടേയും ജീവിതം ദുരിതത്തിലാവുകയും ചെയ്തു.

സഞ്ജയ് റാവത്ത് എങ്ങനെ എത്തിപ്പെട്ടു

ഹൗസിങ് ഡെവലപ്‌മെന്റ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡിൽ നിന്ന് പ്രവീൺ റാവത്ത് 100 കോടി രൂപ കൈക്കലാക്കിയെന്നും സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ള കൂട്ടാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്.

2010ൽ പ്രവീൺ റാവത്തിന്റെ ഭാര്യ മാധുരി റാവത്ത് അഴിമതിയിലൂടെ സമാഹരിച്ച 83 ലക്ഷം രൂപ സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന് നൽകിയിരുന്നതായും, ഈ പണം കൊണ്ട് ദാദറിൽ ഫ്‌ളാറ്റ് വാങ്ങിയെന്നും ഇ.ഡിയുടെ ആരോപണത്തിൽ പറയുന്നു. അലിബാഗിയെ കിഹിം ബീച്ചിൽ ഏകദേശം എട്ട് പ്ലോട്ടുകൾ വാങ്ങിയതായും ഇ.ഡി ആരോപിക്കുന്നു.

പത്ര ചൗൾ ഇപ്പോൾ

2020ൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരംഗ സമിതിയെ നിയമിച്ചിരുന്നു.കമ്മിറ്റിയുടെ ശിപാർശയെ തുടർന്ന് 2021 ൽ പുനർ വികസനത്തിന് അംഗീകാരം നൽകി പ്രമേയം പുറപ്പെടുവിച്ചു.

ഉദ്ധവ് താക്കറെയുടെ നിർദേശപ്രകാരം 2022ൽ പുനർനിർമാണം ആരംഭിച്ചിരുന്നു. എം.എച്ച്.എ.ഡി.എ പദ്ധതി ഏറ്റെടുത്ത് എല്ലാ താമസക്കാർക്കും ഫ്‌ളാറ്റ് നൽകുമെന്നാണ് പറയുന്നത്. എന്നാൽ ജനങ്ങൾ ഇപ്പോഴും അവരുടെ വീടിനായുള്ള കാത്തിരിപ്പിലാണ്.

ബി.ജെ.പിക്കെതിരെ ശബ്ദമുയർത്തുന്നവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വായടപ്പിക്കുന്ന രീതി കേന്ദ്ര സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്.

പാർലമെന്റിനകത്തുപോലും സർക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്തുന്നു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭയിൽനിന്നും ലോക്സഭയിൽനിന്നും സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ കണക്ക്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും വിമതർ ബി.ജെ.പിയിലേക്ക് ഒഴുകി മഹാവികാസ് അഘാഡി സർക്കാർ പതനത്തിലേക്ക് നീങ്ങിയതും, കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്തിയ സഞ്ജയ് റാവത്തിനെപോലുള്ളവർ ഇ.ഡിയുടെ ഇരയാകുന്നതും ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയം ഒന്നുതന്നെയാണ്.

Content Highlight: The politics of ED against those who criticize the government, patra chawl case explained

മായാ ഗിരീഷ്

മൾട്ടിമീഡിയ ജേർണലിസ്റ്റ് ട്രെയ്‌നി ബി.എ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ജേണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more