തിരുവനന്തപുരം: ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസിലെ പ്രതികളായ 11 ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി വന്ന പൊലീസ് വാഹനം ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജയിലിന് മുന്നില്‍ തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ കാര്‍ ജയിലിന്റെ ഗേറ്റിന് കുറുകെയിട്ടാണ് വാഹനം തടഞ്ഞത്.
ജയിലിന് മുന്നില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ജയില്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അകത്ത് കയറാതെ മടങ്ങില്ലെന്ന് വി.വി. രാജേഷടക്കമുള്ളവര്‍ നിലപാട് സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ ജയിലധികൃതര്‍ക്കെതിരെ തിരിയുകയായിരുന്നു.
വി.വി. രാജേഷ് എത്തിയ കാര്‍ ജയിലിന് മുന്നില്‍ നിര്‍ത്തിയിട്ടതോടെ പ്രതികളുമായുള്ള വാഹനം അകത്തേക്ക് കയറ്റാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. തങ്ങളെ അകത്ത് കയറ്റിയില്ലെങ്കില്‍ പ്രതികളെയും ജയിലിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു നേതാക്കളടക്കമുള്ളവരുടെ ഭീഷണി. ഇതോടെ ജയിലിന് മുന്നിലുള്ള റോഡില്‍ ഗതാഗതവും സ്തംഭിച്ചു.
അര മണിക്കൂറോളം സംഘര്‍ഷഭരിതമായ സാഹചര്യമുണ്ടായതോടെ രണ്ട് പേര്‍ക്ക് ജയില്‍ വളപ്പില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ഇതിന് പിന്നാലെ ബി.ജെ.പി നേതാവ് എസ്. സുരേഷടക്കമുള്ളവരുമെത്തി അകത്തു കയറണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെങ്കിലും അനുമതി നല്‍കിയില്ല.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി നടപടികള്‍ക്കും വൈദ്യ പരിശോധനയ്ക്കും ശേഷം തിങ്കളാഴ്ച രാത്രി 11ന് ശേഷമാണ് പൊലീസ് വാഹനത്തില്‍ ജയിലിലേക്കെത്തിച്ചത്.
അതേസമയം, ആനാവൂര്‍ നാരായണന്‍ നായരെ വെട്ടിക്കൊന്ന കേസില്‍ 11 ആര്‍.എസ്.എസുകാര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിയുടെ ആലപ്പുഴ മാന്നാറിലുള്ള വീട്ടില്‍ രണ്ട് അജ്ഞാതരെത്തി ഭീഷണിപ്പെടുത്തി.
ജഡ്ജിയുടെ അച്ഛനമ്മമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജഡ്ജിയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനാകില്ലെന്ന് അച്ഛനമ്മമാര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് ഉടന്‍ വീടിന് കാവല്‍ ഏര്‍പ്പെടുത്തി. മാന്നാറിലെയും പരിസരങ്ങളിലെയും സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബ വീട്ടില്‍ അജ്ഞാതരെത്തിയെന്ന വിവരത്തെ തുടര്‍ന്ന് ജഡ്ജിയുടെ തലസ്ഥാനത്തെ വസതിക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
അതേസമയം, കഴിഞ്ഞ ദിവസമാണ് ആനാവൂര്‍ നാരായണന്‍ നായര്‍ കൊലപാതക കേസില്‍ ബി.എം.എസ്. സംസ്ഥാനനേതാവടക്കം 11 പ്രതികളെയും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്ക് പത്തുവര്‍ഷം അധിക തടവും കോടതി വിധിച്ചു.
കെ.എസ്.ആര്‍.ടി.സിയിലെ ബി.എം.എസ്. യൂണിയനായ കെ.എസ്.ടി. എംപ്ലോയീസ് സംഘിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കേസിലെ ഒന്നാം പ്രതി കെ.എല്‍. രാജേഷ്.
ശ്രീലളിതം വീട്ടില്‍ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തന്‍വീട്ടില്‍ പ്രസാദ്കുമാര്‍ (35), കാര്‍ത്തിക സദനത്തില്‍ ഗിരീഷ്‌കുമാര്‍ (41), എലിവാലന്‍കോണം ഭാഗ്യവിലാസം ബംഗ്ലാവില്‍ പ്രേംകുമാര്‍ (36), പേവറത്തലക്കുഴി ഗീതാഭവനില്‍ അരുണ്‍കുമാര്‍ എന്ന അന്തപ്പന്‍ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടില്‍ ബൈജു (42), സഹോദരങ്ങളായ കാവല്ലൂര്‍ മണികണ്ഠവിലാസത്തില്‍ കുന്നു എന്ന അനില്‍ (32), അജയന്‍ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനില്‍ സജികുമാര്‍ (43), ശാസ്താംകോണം വിളയില്‍ വീട്ടില്‍ ബിനുകുമാര്‍ (43), പറയിക്കോണത്ത് വീട്ടില്‍ ഗിരീഷ് എന്ന അനിക്കുട്ടന്‍ (48) എന്നിവരോയാണ് ജീവപര്യന്തം തടവിന് വിധിച്ചത്.
2013 നവംബര്‍ അഞ്ചിന് രാത്രി 10.30ന് മാരകായുധങ്ങളുമായി എത്തിയ പ്രതികള്‍ നാരായണന്‍ നായരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. എസ്.എഫ്.ഐ നേതാവായിരുന്ന മകന്‍ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ അക്രമി സംഘത്തെ തടയുന്നതിനിടെയാണ് നാരായണന്‍ നായര്‍ക്ക് വെട്ടേറ്റത്.
ആക്രമണത്തില്‍ നാരായണന്‍ നായരുടെ ഭാര്യ വിജയകുമാരി അമ്മയ്ക്കും മക്കളായ ഗോപകുമാറിനും ശിവപ്രസാദിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതരമായി വെട്ടേറ്റ നാരായണന്‍ നായര്‍ അടുത്ത ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.
Content Highlight: The police vehicle carrying the accused in the Anavoor Narayanan Nair murder case stopped by the leadership of BJP district president VV Rajesh at Thiruvananthapuram