ദല്‍ഹിയിലെ സി.പി.ഐ.എം ഓഫീസിലെ പരിപാടി തടഞ്ഞ് പൊലീസ്
national news
ദല്‍ഹിയിലെ സി.പി.ഐ.എം ഓഫീസിലെ പരിപാടി തടഞ്ഞ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th August 2023, 1:46 pm

 

ദല്‍ഹി: ദല്‍ഹിയിലെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ പൊലീസ് നടപടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വി ട്വന്റി എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. പരിപാടിക്ക് അനുമതിയില്ലെന്ന് കാട്ടിയാണ് പൊലീസ് പരിപാടി തടഞ്ഞത്. ബാരിക്കേഡ് ഉപയോഗിച്ച് സുര്‍ജിത്ത് ഭവന് മുന്‍പിലെ വഴി തടഞ്ഞിട്ടുണ്ട്. ഗേറ്റുകള്‍ പൂട്ടിയ പൊലീസ് പാര്‍ട്ടി നേതാക്കളെ പുറത്തേക്ക് പോകാനോ പുറത്ത് നിന്ന് അകത്തേക്ക് കയറാനോ അനുവദിക്കുന്നില്ല.


എന്നാല്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത പരിപാടി തടയുന്നതിനായാണ് പൊലീസ് ശ്രമിക്കുന്നതെന്നും സെമിനാറുമായി മുന്നോട്ട് പോകുമെന്നും സി.പി.ഐ.എം വ്യക്തമാക്കി.

‘പരിപാടിക്ക് അനുമതി എടുത്തിട്ടില്ലെന്ന് മാത്രമാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് പൊലീസിന്റെ അനുമതി ആവശ്യമില്ല. പല വര്‍ക്ക്‌ഷോപ്പ് നടക്കുന്നുണ്ട് ഇവിടെ, അതെല്ലാം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പൊലീസ് നിര്‍ത്തണമെന്ന് പറഞ്ഞു, എന്നാല്‍ ഞങ്ങള്‍ നിര്‍ത്തില്ലെന്ന് പറഞ്ഞു. പരിപാടി നിര്‍ത്താനുള്ള ഉത്തരവില്ലാതെ നിര്‍ത്തില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്,’ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം മുരളീധരന്‍ പറഞ്ഞു.

ഇന്നലെയാണ് സുര്‍ജിത്ത് ഭവനില്‍ പരിപാടി ആരംഭിച്ചത്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ, ആക്ടിവിസ്റ്റ് മേധാ പട്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Content Highlights: The police stopped the program at the CPIM office in Delhi