| Saturday, 6th April 2024, 12:57 pm

മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട മര്‍ദനത്തില്‍ ശ്വാസകോശം പൂര്‍ണമായും തകര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ട കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസില്‍ ഇതുവരെ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അരുണാചല്‍ സ്വദേശി അശോക് ദാസ്(26) ആണ് കൊല്ലപ്പെട്ടത്. ഹോട്ടലില്‍ കൂടെ ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിനാണ് ആള്‍ക്കൂട്ടം ഇയാളെ കെട്ടിയിട്ട് മര്‍ദിച്ചത്.

അശോക് ദാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയഴ്ച പുറത്ത് വന്നു. മര്‍ദനത്തില്‍ ഇയാളുടെ ശ്വാസകോശം പൂര്‍ണമായും തകര്‍ന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയുടെ വലത് ഭാഗത്ത് മര്‍ദനമേറ്റതിനെ തുടര്‍ന്ന് തലച്ചോറിനകത്ത് രക്തസ്രാവം ഉണ്ടായത് മരണ കാരണമായെന്നും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടം അശോക് ദാസിനെ മര്‍ദിച്ചത് കണ്ടെന്നാണ് പെണ്‍കുട്ടികള്‍ കോടതിയില്‍ മൊഴി നല്‍കിയത്.

പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശോക് ദാസിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. മറ്റ് പല ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ വേണ്ടി സൈബര്‍ സെല്ലിനെ സമീപിച്ചതായും പൊലീസ് പറഞ്ഞു.

Content Highlight: the-police-said-that-ashok-das-was-beaten-to-death

Latest Stories

We use cookies to give you the best possible experience. Learn more