പത്തനംതിട്ട: തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലീസ്. തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് താഴെ വീണത് എന്നാണ് എഫ്.ഐ.ആറിലുള്ളത്.
സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ വിശദീകരണം
പത്തനംതിട്ട എഴംകുളം ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. വഴിപാടിന്റെ ഭാഗമായി വില്ലുവണ്ടിയില്‍ തൂക്കക്കാരന്‍ മുകളിലേക്കുയര്‍ത്തിയ കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കുഞ്ഞിന്റെ കൈക്ക് പരിക്കേല്‍ക്കുയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറത്തറിയുന്നത്.
പത്തനാപുരം സ്വദേശികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുഞ്ഞിനാണ് പരിക്കേറ്റത്. വലത്‌കൈക്ക് പൊട്ടലുള്ള കുഞ്ഞിന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി ഈ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി അപകടരമായ ഈ വഴിപാട് നടത്താറുണ്ട്. തെക്കന്‍ കേരളത്തില്‍ തൂക്കംവഴിപാട് നടക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് പത്തനംതിട്ടയിലെ ഏഴംകുളം ക്ഷേത്രം.
content highlights: The police registered a voluntary case in the incident of injury to a 10-month-old baby during the weight offering