കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. പരാതിയില്‍ കേസെടുത്തുവെന്ന് എ.സി.പി പറഞ്ഞു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്തിന്റെ പരാതിയിലാണ് നടപടി.
സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആലോചനയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനാസ്ഥയില്‍ അന്വേഷണം വേണമെന്ന് ഓര്‍ത്തോ. വിഭാഗം മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കുകയും ചെയ്തു.
വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചിരുന്നു.
മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ അജിത്തിന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.
ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്ന് അമ്മ ആരോപിച്ചിരുന്നു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പറഞ്ഞു.
Content Highlight: The police registered a case on the complaint that there was a mistake in the surgery at the Kozhikode Medical College