സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനത്തിലെ മതനിന്ദ; കോടതി ഉത്തരവില്‍ മാതാ പേരാമ്പ്രക്കെതിരെ കേസ്
Kerala News
സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനത്തിലെ മതനിന്ദ; കോടതി ഉത്തരവില്‍ മാതാ പേരാമ്പ്രക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2023, 2:58 pm

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സത്തിലെ സ്വാഗത ഗാനത്തിലെ മതനിന്ദയില്‍ പൊലീസ് കേസെടുത്തു. കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടക്കാവ് പൊലീസ് കേസ് എടുത്തത്. സ്വാഗത ഗാനം തയ്യാറാക്കിയ മാതാ പേരാമ്പ്രയുടെ കേന്ദ്ര ഡയറക്ടര്‍ കനകദാദിനും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരെയാണ് കേസ്.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തല്‍ (ഐ.പി.സി 153) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ വിഷയത്തില്‍ പരാതിയുമായി രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ അനൂപ് വി.ആര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

ദൃശ്യാവിഷ്‌കാരം മുസ്‌ലിം വിദ്വേഷവും സ്റ്റീരിയോടൈപ്പുകളും പടര്‍ത്തുന്നതാണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു ഈ ദൃശ്യാവിഷ്‌കാരം. ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളായിട്ടായിരുന്നു കാണിച്ചിരുന്നത്.

വിഷയത്തില്‍ സി.പി.ഐ.എമ്മില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ മാതാ പേരാമ്പ്രക്ക് കലോത്സവങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.