| Saturday, 18th November 2023, 9:05 am

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ 'ഒന്നേകാല്‍ ലക്ഷം വ്യാജന്‍മാര്‍'; അന്വേഷണം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൗളിന് പുറമെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പരാതി നല്‍കിയിരുന്നു. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനാണ് അന്വേഷണ ചുമതല.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനം പിടിക്കാന്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ചെന്ന വിവരം പുറത്തുവന്നതോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറടക്കം നടപടിയാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പിടിക്കാാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

സി.ആര്‍. കാര്‍ഡ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത്തരത്തില്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയത്. ബെംഗളൂരു ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പി.ആര്‍. ഏജന്‍സിയാണ് ഇതിന് പിന്നിലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഘടനാ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 7,29,626 വോട്ടുകളില്‍ 2,16,462 വോട്ടുകളും അസാധുവാകുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് 2,21,986 വോട്ടുകളാണ് ലഭിച്ചത്. അസാധുവായ വോട്ടുകളേക്കാള്‍ 5,5214 വോട്ടുകളുടെ വ്യത്യാസം മാത്രം. ഇതിന് പിന്നാലെ വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് ആരോപണം ഉയരുകയും എ.ഐ.സി.സിക്ക് പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡമായി സാമ്യമുള്ള വ്യാജകാര്‍ഡുകളാണ് തട്ടിപ്പിനായി നിര്‍മിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിനോടും വിശദീകരണം ആവശ്യപ്പെട്ടു. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും കൗള്‍ വ്യക്തമാക്കി.

വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് എ.എ റഹീം എം.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വ്യാജ ഐ.ഡി നിര്‍മിക്കുന്ന വീഡിയോയും ഇതോടൊപ്പം കൈമാറി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് റഹീം ചൂണ്ടിക്കാട്ടി.

സി.പി.ഐ.എം സംസ്താന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരും പരാതി നല്‍കിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രേഹക്കുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Content highlight: The police registered a case in the incident of making fake ID card in Youth Congress election.

We use cookies to give you the best possible experience. Learn more