കനല്‍ ചാട്ടത്തിനിടയില്‍ തീയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; അച്ഛനെതിരെ കേസെടുത്ത് പൊലീസ്
Palakkad
കനല്‍ ചാട്ടത്തിനിടയില്‍ തീയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; അച്ഛനെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2024, 5:36 pm

പാലക്കാട്: മേലാര്‍കോട് ക്ഷേത്രത്തിലെ കനല്‍ ചാട്ടത്തിനിടയില്‍ തീയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. പുത്തന്‍തറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന പൊങ്കല്‍ ഉത്സവത്തിനിടെയാണ് സംഭവം.

മേലാര്‍കോട് പുത്തന്‍തറ രമേശിന്റെ മകന്‍ ആദിത്യനാണ് പൊള്ളലേറ്റത്. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടി തീക്കൂനയിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നത്.

സംഭവത്തില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങ്ങും സംരക്ഷണവും നല്‍കണമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ പറഞ്ഞു.

കനല്‍ചാട്ടം നടത്തുന്നതിനിടെ പത്തുവയസുകാരന്‍ തീയിലേക്ക് വീഴുകയായിരുന്നു. പൊങ്കല്‍ ഉത്സവത്തിനിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പൊള്ളലേറ്റതിന് പിന്നാലെ കുട്ടിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ചികിത്സക്കായി കുട്ടിയെ കോയമ്പത്തൂരിലേക്ക് മാറ്റുകയും ചെയ്തു.

കുട്ടിക്ക് ഗുരുതര പരിക്കുകളില്ലെന്ന് ഡോക്ടര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: The police registered a case against the father of the child who fell into the fire while religious activity and got injured