| Wednesday, 5th October 2022, 12:00 pm

മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ പി.വി. ഷിഹാബിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഷിഹാബിന്റെ നടപടി പൊലീസ് സേനയക്ക് കളങ്കമായെന്നും, പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനമാണെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

പ്രഥമദൃഷ്ട്യാ അച്ചടക്ക ലംഘനം വ്യക്തമായതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ എന്നും ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിലുണ്ട്.

കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്റെ ദൃശ്യം സി.സി.ടി.വിയില്‍ കുടുങ്ങിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ പഴക്കടയില്‍ നിന്ന് 10 കിലോ മാമ്പഴമാണ് പൊലീസുകാരന്‍ എടുത്തത്.

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. രാവിലെ കടയുടമ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ വ്യക്തമായതാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.

കടയുടെ അരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ പൊലീസുകാരന്‍ മാമ്പഴങ്ങള്‍ എടുത്ത് വണ്ടിയില്‍ ഇടുന്നതുള്‍പ്പടെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെയാണ് കാഞ്ഞിരപ്പിള്ളി പൊലീസ് കേസെടുത്തത്. 600 രൂപയോളം വില വരുന്ന മാമ്പഴമാണ് പൊലീസുകാരന്‍ മോഷ്ടിച്ചത്.

കഴിഞ്ഞ ശബരിമല സീസണില്‍ സുഗമമായി ദര്‍ശനം നടത്താമെന്ന് അവകാശപ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതി ഷിഹാബിനെതിരെ ഉയര്‍ന്നിരുന്നു.

Content Highlight: The Police officer who stole mango has suspended

We use cookies to give you the best possible experience. Learn more