| Friday, 24th May 2024, 8:36 am

യഥാര്‍ത്ഥ പ്രതി ഗള്‍ഫില്‍; ആളു മാറി യുവാവ് ജയിലില്‍ കിടന്നത് മൂന്ന് ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാനി: പൊലീസ് ആളു മാറി നിരപരാധിയെ ജയിലിലടച്ചത് മൂന്ന് ദിവസം. പൊന്നാനി പൊലീസ് ആണ് ആള് മാറി നിരപരാധിയെ ജയിലിലടച്ചത്. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറാണ് ആള് മാറി മൂന്ന് ദിവസം ജയിലില്‍ കിടന്നത്.

ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെളിയങ്കോട് സ്വദേശി വടക്കേപ്പുറത്ത് അബൂബക്കറിനെതിരെയുള്ള കേസിലാണ് ആലുങ്ങല്‍ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.

ഗാര്‍ഹിക പീഡനകേസില്‍ ശിക്ഷിക്കപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കറാണെന്ന് കരുതിയാണ് പൊലീസ് ആലുങ്ങല്‍ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.

വടക്കേപ്പുറത്ത് അബൂബക്കറിനെതിരെ ഭാര്യ നല്‍കിയ പരാതിയിലാണ് ആളു മാറി അറസ്റ്റ് നടന്നത്. നിലവില്‍ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് പ്രവാസിയാണ്. യുവതിയുടെ പരാതിയില്‍ മേല്‍ പൊലീസ് ആലുങ്കല്‍ അബൂബക്കറിനെ തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആലുങ്ങല്‍ അബൂബക്കറും ഭാര്യയും തമ്മില്‍ പിണക്കത്തിലായതിനാല്‍, പരാതി സത്യമായിരിക്കും എന്ന് കരുതി ഇയാള്‍ ജയിലിലെത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ അബൂബക്കര്‍ തന്റെ വീട്ടുപേരിലല്ല കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നറിഞ്ഞപ്പോള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ കാണിച്ച മാതാവിന്റെയും പിതാവിന്റെയും പേര് ഒന്ന് തന്നെയായതിനാല്‍ പൊലീസ് ഇയാളെ ജയിലിലടച്ചു.

തുടര്‍ന്ന് കോടതി ഇയാളുടെ പേരില്‍ നാലു ലക്ഷം രൂപ പിഴയിടുകയും പിഴത്തുക അടക്കാത്തതിനാല്‍ തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ അബൂബക്കറിനെ തവനൂര്‍ ജയിലിലേക്ക് മാറ്റി.

വിവരമറിഞ്ഞെത്തിയ കുടുംബം കോടതിയില്‍ അബൂബക്കറിന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു. പൊലീസിന്റെ വീഴ്ചയില്‍ അബൂബക്കര്‍ തടവുശിക്ഷ അനുഭവിച്ചത് മൂന്ന് ദിവസമാണ്. ഇതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് പൊലീസിനെതിരെ ഉയരുന്നത്.

Content Highlight: The  Police mistakenly arrested a person

We use cookies to give you the best possible experience. Learn more