| Thursday, 9th May 2024, 12:45 pm

മഞ്ഞുമ്മല്‍ ബോയ്സിന് കിട്ടിയ 'അടിയില്‍' 18 വര്‍ഷങ്ങള്‍ക്കുശേഷം അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമക്കാധാരമായ യഥാര്‍ത്ഥ സംഭവങ്ങളില്‍ നടന്ന പൊലീസ് വീഴ്ചയില്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആഭ്യന്തരവകുപ്പ്. മഞ്ഞുമ്മല്‍ ബോയ്‌സിനോട് തമിഴ്‌നാട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് 18 വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ അന്വേഷണം.

2006 ല്‍ നടന്ന സംഭവത്തില്‍, നിലമ്പൂര്‍ സ്വദേശിയും റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മുന്‍ അംഗവുമായ വി.ഷിജു എബ്രഹാം കൊടുത്ത പരാതിയിലാണ് നടപടി. പരാതിയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും, നടപടി പരാതിക്കാരനെ അറിയിക്കണമെന്നും ആഭ്യന്തര സെക്രട്ടറി പി.അമുദ തമിഴ്‌നാട് ഡി.ജി.പിയോട് നിര്‍ദേശിച്ചു.

ദക്ഷിണേന്ത്യയില്‍ വന്‍വിജയം നേടി മുന്നേറികൊണ്ടിരിക്കുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2006 ല്‍ കേരളത്തില്‍ നിന്നു കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവ്‌സിലെ ഗര്‍ത്തത്തില്‍ വീണതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സംഭവങ്ങളെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.

ഗുണ കേവ്സില്‍ വീണു പോയ തങ്ങളുടെ സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെയുള്ളവര്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനില്‍ സഹായം തേടിയിരുന്നു. എന്നാല്‍, ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയര്‍ന്നിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് ഇവര്‍ക്കു സഹായത്തിന് വിട്ടു നല്‍കിയത്.

പൊലീസ് സ്റ്റേഷനില്‍ സഹായം ചോദിച്ചെത്തിയ യുവാക്കള്‍ നേരിടുന്ന പീഡനങ്ങള്‍ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ സിനിമയിലുള്ളതിനേക്കാള്‍ വലിയ പീഡനങ്ങളാണ് അവിടെ നടന്നത് എന്നായിരുന്നു സിജു തന്നോട് പറഞ്ഞതെന്നായിരുന്നു ഷിജു എബ്രഹാമിന്റെ വെളിപ്പെടുത്തല്‍. യുവാക്കള്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സിനിമയിലുള്ളതിനേക്കാള്‍ വലിയ ക്രൂരതകളാണെന്നും അതിനാല്‍ തന്നെ അത് അന്വേഷിക്കേണ്ടതാണെന്നുമായിരുന്നു ഹരജിക്കാരന്‍ പറഞ്ഞത്.

120 അടിയോളം താഴ്ചയുള്ള ഗര്‍ത്തത്തില്‍ വീണ സുഭാഷിനെ രക്ഷിക്കാന്‍ സുഹൃത്തായ സിജുവായിരുന്നു ഇറങ്ങിയത്. ഈ സാഹസികത തന്നെയായിരുന്നു സിനിമയുടെ പ്രമേയവും. മികച്ച രക്ഷാപ്രവര്‍ത്തകനുള്ള ജീവന്‍ രക്ഷാ പതക് നല്‍കി രാജ്യം സിജുവിനെ ആദരിച്ചിരുന്നു. സിജുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഷിജു എബ്രഹാം ഇത്തരത്തിലൊരു പരാതി കൊടുത്തത്.

പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മിച്ചത്. ചിദംബരം തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആഗോളതലത്തില്‍ 240.59 കോടി രൂപയാണ് നേടിയത്.

Content Highlight: The police is set to investigate the ‘real’ events told in the movie Manjummal Boys

We use cookies to give you the best possible experience. Learn more