കെ.എസ്. ഹരിഹരന്റെ വീടിന് മുമ്പിലെത്തി അസഭ്യം പറഞ്ഞ കേസ്; പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡയിലെടുത്ത് പൊലീസ്
Kerala News
കെ.എസ്. ഹരിഹരന്റെ വീടിന് മുമ്പിലെത്തി അസഭ്യം പറഞ്ഞ കേസ്; പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡയിലെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 4:44 pm

കോഴിക്കോട്: ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് മുമ്പിലെത്തി അസഭ്യം പറഞ്ഞ കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡയിലെടുത്ത് പൊലീസ്.

തേഞ്ഞിപ്പാലത്ത് നിന്നാണ് പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. വാഹനം ഉപയോഗിച്ച അഞ്ചു പേരും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹരിഹരനുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. ഹരിഹരന്റെ വീടിന് മുമ്പില്‍ വാഹനത്തിലെത്തി അഞ്ചംഗസംഘം അസഭ്യം പറഞ്ഞതിനും വീടിന് മുന്നിലുണ്ടായ പൊട്ടിത്തെറിയിലുമാണ് അന്വേഷണം നടക്കുന്നത്.

അതേസമയം ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പാനൂരില്‍ സി.പി.ഐ.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമികള്‍ എറിഞ്ഞതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വടകരയിലെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ.എസ്. ഹരിഹരന്‍ നേരത്തെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയം പരിഹരിക്കപ്പെടില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പി. മോഹനന്റെ പ്രസ്താവനയും തുടര്‍ന്നുണ്ടായ ബോംബേറും ഒത്തുനോക്കുമ്പോള്‍ ആര്‍.എം.പി നേതാവിന്റെ വീടിന് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മിന്റെ ആഹ്വാനമാണെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇത് പരോക്ഷമായി നടത്തിയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Content Highlight: police impounded the car of the accused in the case of indecency in front of K.S. Hariharan’s house