കൊല്ലം: ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായവരില്‍ പത്മകുമാര്‍ എന്ന പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ കുട്ടി തിരിച്ചറിഞ്ഞിരുന്നു. പത്മകുമാറിനെ കൂടാതെ പ്രതിയുടെ ഭാര്യയെയും മകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പ്രതികളെ ശനിയാഴ്ച്ച തന്നെ അടൂര്‍ കെ.എ.പി ക്യാമ്പില്‍ നിന്ന് പൂയപ്പള്ളി സ്റ്റേഷനില്‍ എത്തിക്കുകയും വൈദ്യ പരിശോധനകള്‍ക്ക് ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കുകയും ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിലവില്‍ പത്മകുമാര്‍ നല്‍കിയ മൊഴികള്‍ പ്രകാരം കുട്ടിയുടെ അച്ഛനുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രശനങ്ങള്‍ നേരിടുന്ന പത്മകുമാര്‍ പണം കൈപ്പറ്റാനായി തയ്യാറാക്കിയ പദ്ധതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
പ്രതിക്ക് ലോണ്‍ ആപ്പ് മുഖേനയും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും എടുത്ത വായ്പകള്‍ സംബന്ധിച്ച് വലിയ കട ബാധ്യതകള്‍ ഉണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10 ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോളായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാര്‍ പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോവുന്ന സമയത്ത് സഹോദരന്റെ കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചത് ഭീഷണി കത്താണെന്നും അതില്‍ പണം തന്നാല്‍ കുട്ടിയെ വിട്ടുതരുമെന്നുമാണ് എഴുതിയിരുന്നതെന്നും പത്മകുമാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
മകള്‍ക്കും ഭാര്യക്കും കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. പാരിപ്പള്ളിയില്‍ നിന്ന് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്നാണ് സൂചന. ഒറ്റക്ക് സഞ്ചരിക്കുന്ന കുട്ടികളെ ദിവസങ്ങളായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുട്ടിയിലേക്ക് സംഘം എത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: The police have recorded the arrest of three people who were taken into custody in the child abduction case