ന്യൂദല്‍ഹി: രാജസ്ഥാനില്‍ കര്‍ഷകന്റെ ആത്മഹത്യ തടയാന്‍ കാവല്‍ നിന്നതിന് മരിക്കാന്‍ ശ്രമിച്ച അതേ കര്‍ഷകനോട് 9.9 ലക്ഷം രൂപ പിഴയായി ആവശ്യപ്പെട്ട് പൊലീസ്.
രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് സംഭവം. ഡിസംബര്‍ പത്തിന് വിദ്യാധര്‍ യാദവ് എന്ന് കര്‍ഷകനാണ് കുടുംബസമേതം ചിതയൊരുക്കി ആത്മഹത്യയ്‌ക്കൊരുങ്ങിയത്.
ഒരു സിമന്റ് കമ്പനിയുമായുള്ള ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണ് കര്‍ഷക കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എന്നാല്‍ കുടുംബത്തിന്റെ സുരക്ഷ ഒരുക്കുന്നതിനായി ഒരു എ.എസ്.പി, രണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരുള്‍പ്പെടെ 99 പോലീസുകാരെ വിന്യസിച്ചെന്നും ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചെന്നും പൊലീസിന്റെ നോട്ടീസില്‍ പറയുന്നു. ഇത് സംസ്ഥാന ട്രഷറിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ചെന്ന് കാണിച്ചാണ് പൊലീസ് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.
രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി ജുന്‍ജുനു എസ്. പി ശരദ് ചൗധരിയാണ് കര്‍ഷകന് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ 24നകം കര്‍ഷകര്‍ 9,91,577 രൂപ എസ്.പി ഓഫീസിലെ അക്കൗണ്ട്‌സ് ബ്രാഞ്ചില്‍ നിക്ഷേപിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. തുക അടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
ഇതാദ്യമായാണ് രാജസ്ഥാന്‍ പൊലീസ് ഇത്തരമൊരു കേസില്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സിമന്റ് കമ്പനി മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയതെന്ന് എസ്.പി ചൗധരി പ്രതികരിച്ചു. ഇത് പാലിക്കാന്‍ കര്‍ഷകന് ഏഴ് ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും തുക അടച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു
Content Highlight: The police have demanded Rs 9.9 lakh for providing security to a farmer who threatened to commit suicide in Rajasthan