കോട്ടയം: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം തുടരുന്ന വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് വിടാന്‍ നിര്‍ദേശിച്ച് പൊലീസ്. ക്യാമ്പസില്‍ തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് വിട്ടു. ക്യാമ്പസ് തുറന്നാല്‍ വീണ്ടും സമരം തുടങ്ങാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കോളജും ഹോസ്റ്റലും ജനുവരി എട്ട് വരെ അടച്ചിടാനായിരുന്നു കളക്ടര്‍ ഉത്തരവിട്ടത്.
ഡിസംബര്‍ 25 മുതല്‍ നിരാഹാര സമരത്തിന് തയാറെടുക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരായ ജാതി വിവേചന പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ അന്വേഷണ കമ്മീഷനെയും നിയമിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ. ജയകുമാര്‍ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മീഷന്‍.
പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം നല്‍കണമെന്നും കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഇതു സംബന്ധിച്ച് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി.
ജാതി വിവേചനം, പ്രവേശനത്തില്‍ സംവരണ അട്ടിമറി, വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 20 ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ക്യാമ്പസിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും വിവേചനം നേരിട്ട ശുചീകരണ തൊഴിലാളികളില്‍ നിന്നും ഉള്‍പ്പെടെ കമ്മീഷന്‍ മൊഴിയെടുത്തിരുന്നു.
വിദ്യാര്‍ത്ഥികളുടെ പരാതി അന്വേഷിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി രണ്ടാഴ്ച മുമ്പ് സമിതിയെവെച്ചങ്കിലും ഇവരുടെ അന്വേഷണം തുടങ്ങിയത് ഒരാഴ്ച മുന്‍പ് മാത്രമാണ്. ആഷിക് അബു, ജിയോ ബേബി ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ വരെ ചലച്ചിത്രോത്സവ വേദിയില്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിരുന്നു.
സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്റെ വിശ്വസ്തനാണ് ആരോപണവിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹനെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
സര്‍ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിധേയന്‍ എന്ന അടൂര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പോലും വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന് ആയുധമാക്കിയിരുന്നു.
കോളേജ് സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കുന്നത്.
ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ ജാതി വിവേചനവും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്നാരോപിച്ചാണ് സമരം. ഡയറക്ടര്‍ നിലവില്‍ ഈ തസ്തികയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും നിയമലംഘനമാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
Content Highlight: The police have asked the students who continue to protest at KR Narayanan Institute to leave the campus