കോട്ടയം: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം തുടരുന്ന വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് വിടാന്‍ നിര്‍ദേശിച്ച് പൊലീസ്. ക്യാമ്പസില്‍ തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് വിട്ടു. ക്യാമ്പസ് തുറന്നാല്‍ വീണ്ടും സമരം തുടങ്ങാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കോളജും ഹോസ്റ്റലും ജനുവരി എട്ട് വരെ അടച്ചിടാനായിരുന്നു കളക്ടര്‍ ഉത്തരവിട്ടത്.
ഡിസംബര്‍ 25 മുതല്‍ നിരാഹാര സമരത്തിന് തയാറെടുക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരായ ജാതി വിവേചന പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ അന്വേഷണ കമ്മീഷനെയും നിയമിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ. ജയകുമാര്‍ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മീഷന്‍.
പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം നല്‍കണമെന്നും കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഇതു സംബന്ധിച്ച് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി.
ജാതി വിവേചനം, പ്രവേശനത്തില്‍ സംവരണ അട്ടിമറി, വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 20 ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.