ട്രെയിനില്‍ നിന്ന് പിടികൂടിയ നാല് കോടി രൂപ സ്ഥാനാര്‍ത്ഥിയുടേത് തന്നെ; തമിഴ്‌നാട്ടില്‍ ബി.ജെ.പിയെ വെട്ടിലാക്കി പൊലീസ് എഫ്.ഐ.ആര്‍
national news
ട്രെയിനില്‍ നിന്ന് പിടികൂടിയ നാല് കോടി രൂപ സ്ഥാനാര്‍ത്ഥിയുടേത് തന്നെ; തമിഴ്‌നാട്ടില്‍ ബി.ജെ.പിയെ വെട്ടിലാക്കി പൊലീസ് എഫ്.ഐ.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2024, 7:24 pm

ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിയെ വെട്ടിലാക്കി പൊലീസ് എഫ്.ഐ.ആര്‍. ട്രെയിനില്‍ നിന്ന് പിടികൂടിയ നാല് കോടി രൂപ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടേത് തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. തിരുനെല്‍വേലിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് പണം എത്തിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

പൊലീസിന്റെ ആരോപണങ്ങളില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു തിരുനെല്‍വേലി സ്ഥാനാര്‍ഥിയായ നൈനാറിന്റെ പ്രതികരണം. എന്നാല്‍ ഈ വാദത്തെ പൊലീസ് തള്ളി. റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ 22ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നൈനാറിന് പൊലീസ് സമന്‍സും അയച്ചു.

ട്രെയിന്‍ യാത്രയ്ക്കുള്ള എമര്‍ജന്‍സി ക്വാട്ടയ്ക്ക് പ്രതികള്‍ അപേക്ഷ നല്‍കിയത് നൈനാറുടെ ലെറ്റര്‍പാഡിലാണെന്നും യാത്രയ്ക്ക് മുമ്പ് മൂവരും നൈനാറുടെ ഹോട്ടലിലാണ് തങ്ങിയതെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. നൈനാറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകന്‍ സതീഷിന്റെ ഫോണില്‍ നിന്നാണ് ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

അതേസമയം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന ആരോപണം ഉയര്‍ന്നതോടെ നൈനാര്‍ അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രചരണയോഗങ്ങളില്‍ നിന്ന് കേന്ദ്ര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനുപുറമെ മോദിയുടെ തിരുനെല്‍വേലി റാലി നടക്കുന്നതിന് തൊട്ടു മുമ്പാണ് പൊലീസ് എഫ്.ഐ.ആറിന്റെ പകര്‍പ്പ് പുറത്തുവിട്ടത്. കൂടാതെ പ്രധാനമന്ത്രി ഇടക്കിടെ തമിഴ്നാട്ടിലെത്തി പ്രചരണം നടത്തിയിട്ടും പാര്‍ട്ടിയുടെ പ്രകടനം വേണ്ടത്ര ഉയര്‍ന്നിട്ടില്ലെന്ന ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ടുകളും തമിഴ്നാട്ടില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Content Highlight: The police clarified that the Rs 4 crore seized from the train belonged to the BJP candidate