തൃശൂര്‍: കോഫീഷോപ്പ് ജീവനക്കാരനെ മര്‍ദിച്ചു എന്ന പരാതിയില്‍ പ്രതികളെത്തേടി പൊലീസ് എത്തിയപ്പോള്‍ തടങ്കലില്‍ പാര്‍പ്പിച്ച യുവതിക്ക് മോചനം. തൃശൂര്‍ പാലിയേക്കരയില്‍ കോഫീഷോപ്പില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച കേസിലെ പ്രതികളായ ഗോപകുമാര്‍, അഭിനാഷ്, ജിതിന്‍ എന്നിവരെ തേടി പൊലീസ് എത്തിയപ്പോഴാണ് മനക്കൊടി സ്വദേശിയായ യുവതിയെ ഗോപകുമാറിന്റെ വീട്ടില്‍വെച്ച് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. യുവതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ സുഹൃത്തായ അഖിലും പ്രതിയായ ഗോപകുമാറും ചേര്‍ന്ന് തൃശൂരില്‍ സ്പാ നടത്തിയിരുന്നു. സ്പായുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടാവുകയും ഇത് സംസാരിച്ച് തീര്‍ക്കാന്‍ ഇന്നലെ കൂടിക്കാഴ്ച്ച നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ അഖില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തിയില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ തട്ടിക്കൊണ്ട് പോയത്.
സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കടത്തിക്കൊണ്ട് പോവുകയായിരുന്നു. യുവതിയുടെ നാല് പവന്റെ സ്വര്‍ണം കൈക്കലാക്കിയ പ്രതികള്‍ ഇവരുടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച്ച രാത്രിയാണ് പ്രതികള്‍ കോഫീഷോപ്പ് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചത്. ഷോപ്പില്‍ തിരക്ക് ആയതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രതികളോട് ടോക്കണ്‍ എടുക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. അക്രമസമയത്ത് അഭിനാഷും ജിതിനും ഗോപകുമാറും അമിതമായി ലഹരി ഉപയോഗിച്ചിരുന്നു.
രണ്ട് കേസുകളിലുമായി അഞ്ച് പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച കേസില്‍ കല്ലൂര്‍ നായരങ്ങാടി താഴേക്കാട് ഗോപകുമാര്‍ (43), മേലൂര്‍ ചേലയാര്‍കുന്നില്‍ അഭിനാഷ് പി.ശങ്കര്‍ (30), ആമ്പല്ലൂര്‍ പുതുശേരിപ്പടി ജിതിന്‍ ജോഷി (27) എന്നിവരേയും യുവതിയെ തട്ടികൊണ്ടുപോകാന്‍ ഇവരെ സഹായിച്ച കോഴിക്കോട് മേലൂര്‍ സ്വദേശി ആതിര (30), തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ജു (30) എന്നിവരാണ് അറസ്റ്റിലായത്.
Content Highlight: The police came to the house looking for the suspects who beat up the coffee shop employee; The woman who was detained was found in culprit’s house