യു.പിയില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍
national news
യു.പിയില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2024, 10:20 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. 28 കാരനായ രാജ്കുമാറാണ് അറസ്റ്റിലായത്.

യു.പിയിലെ കാണ്‍പൂരിലാണ് സംഭവം. അഞ്ച് വയസുള്ള പെണ്‍കുട്ടിയെ സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുടുംബങ്ങളുടെ ശ്രദ്ധ തിരിച്ചാണ് അഞ്ചുവയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്.  ചോക്ലേറ്റ് നല്‍കിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ഇയാള്‍ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ തന്റെ 10 വയസുകാരിയായ മകളെ കയര്‍ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായിരുന്നു.

താന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന മകളെ 45 കാരനായ പിതാവ് ഗോവിന്ദ് റായ് റൈക്വാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ബാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ ) രാജാ ദിനേഷ് സിങ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പിതാവിന്റെ മര്‍ദനം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പിതാവിനെതിരെ കേസ് എടുക്കുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് അയക്കുകയും ചെയ്തു.

അതേസമയം ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും നിരന്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്.

അതിക്രമങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിരന്തരമായി പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അതിക്രങ്ങളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

Content Highlight: The pocso case accused arrest in uttarpradesh