കോഴിക്കോട്- പാലക്കാട് ദേശീയ പാതയോരത്തെ ഒരു മൂന്നുനില കെട്ടിടം. താഴത്തെ നിലയിലെ മുറികളെല്ലാം അടച്ചിട്ടിരിക്കുന്നു. കോണി കയറി മുകളിലേക്ക് പോകുമ്പോള്‍ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് ഹിന്ദി പാട്ടുകള്‍ (ഹിന്ദി മാത്രമല്ല ബംഗാളി, ഗുജറാത്തി) കേള്‍ക്കാം. അരണ്ട വെളിച്ചത്തിനോടൊപ്പം അന്തരീക്ഷത്തിലെങ്ങും പുക ഒഴുകി നടക്കുന്നുണ്ട്. കൂടെ ഫോണിലൂടെ കുറെപ്പേര്‍ ഒന്നിച്ച് സംസാരിക്കുന്ന ശബ്ദവും. മുറിയ്ക്കടുത്തെത്തുമ്പോഴേക്കും നേരത്തെ കേട്ടിരുന്ന പാട്ടിനെ വെല്ലുന്ന ശബ്ദത്തില്‍ ഹിന്ദിയിലും മറാത്തിയിലും ബംഗാളിയിലും ഫോണിലൂടെ സംസാരിക്കുന്ന ശബ്ദം. ഇടയ്ക്ക് സ്വരം നേര്‍പ്പിച്ച്… ഇടയ്ക്ക് അതിലും ഉച്ചത്തില്‍…
ഇതര-സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന മുറികളിലെ പുറത്തുനിന്നുള്ള ഒരു രാത്രി കാഴ്ചയാണിത്. എന്നാല്‍ മുറിയുടെ അകത്തെത്തി കഴിഞ്ഞാല്‍ മുകളില്‍പ്പറഞ്ഞപ്പോലെ ശബ്ദമോ സംഗീതമോ ഒന്നും ഇത്ര സ്വതന്ത്രമായി സഞ്ചരിക്കില്ല. ഒരു കുടുസ്സു മുറിക്കുള്ളില്‍ പതിനഞ്ചോ ഇരുപതോ പേര്‍ താമസിക്കുന്നുണ്ടാകും. നേരാവണ്ണം ശ്വാസം വിടാന്‍ പോലും പറ്റാതെ… കേരളത്തിന്റെ തൊഴില്‍ മേഖലകളില്‍ ഇന്ന് അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ ഇതര-സംസ്ഥാനത്തൊഴിലാളികളില്‍ മിക്കവരുടെയും താമസസ്ഥലത്തിന്റെ അവസ്ഥയാണിത്.
ഒറ്റമുറിയില്‍ തിങ്ങി ഞെരുങ്ങി കഴിയുന്ന ഇവരെ പാര്‍പ്പിക്കുന്നത് മിക്കതും കോണ്‍ട്രാക്ടര്‍മാരോ ഏജന്റുമാരോ ആയിരിക്കും. ഇങ്ങനെയുള്ള നാലോ അഞ്ചോ മുറികളാണ് ഒരു കെട്ടിടത്തില്‍ ഉണ്ടാവുക. ഇവയിലെല്ലാം കൂടെ നൂറിലധികം തൊഴിലാളികളായിരിക്കും താമസിക്കുന്നുണ്ടാവുക. ഇതിനെല്ലാം കൂടെ ഒന്നോ രണ്ടോ ബാത്‌റൂമുകളും..!
അതില്‍ തന്നെ വൃത്തിയില്ലാത്ത കക്കൂസുകളും കുളിമുറികളുമാണുള്ളതെന്ന ബീഹാര്‍ സ്വദേശിയായ ഗോവിന്ദ് (യഥാര്‍ത്ഥ പേരല്ല) പറയുന്നു. 4 വര്‍ഷം മുന്‍പാണ് ഗോവിന്ദ് കേരളത്തില്‍ വരുന്നത്. നാട്ടില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് ആറു പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ കഴിയാതെ വന്നപ്പോഴാണ് കേരളത്തിലേക്ക് വണ്ടി കയറുന്നത്.
കോണ്‍ക്രീറ്റിനും ചുമടെടുപ്പിനുമായിരുന്നു ഗോവിന്ദ് ആദ്യ നാളുകളില്‍ പോയിരുന്നത്. ഏജന്റ് തന്നെ ഏര്‍പ്പാടാക്കിയ മുറിയിലായിരുന്നു താമസം. അന്ന് എട്ടുപേരായിരുന്നു ആ മുറിയില്‍ ഉണ്ടായിരുന്നത്. അത്തരത്തിലുള്ള നാലു മുറികളിലായി 50 ഓളം പേര്‍. ആകെയുണ്ടായിരുന്നത് ഒരു കക്കൂസ് മാത്രം.. അതും പൊട്ടിപ്പൊളിഞ്ഞ ക്ലോസറ്റുള്ളതാണെന്ന് ഗോവിന്ദ് പറയുന്നു.
ഒരോരുത്തരുടെയും അടുത്ത് നിന്ന് താമസസ്ഥലത്തിനായി കമ്മീഷന്‍ ലഭിക്കുമെന്നതിനാലാണ് തൊഴിലാളികളെ ഏജന്റുമാരും കോണ്‍ട്രാക്ടര്‍മാരും കുടുസ്സുമുറികളില്‍ താമസിപ്പിക്കുന്നത്. രാത്രി വന്നെവിടെയെങ്കിലും ചുരുണ്ട് കൂടി കിടന്നാല്‍ മതിയെന്നുള്ളതുകൊണ്ട് തൊഴിലാളികള്‍ പരാതി പറയാറില്ല. ഇനി പറഞ്ഞാല്‍ ഉള്ള കിടപ്പാടം പോലും നഷ്ടമാകുമെന്ന ഭീതിയാണിവര്‍ക്ക്.
ഇവരെ രാവിലെ തൊഴിലിടങ്ങളിലേക്ക് കൊണ്ടുപോകുന്നതും സമാന രീതിയിലാണ്. ഒരു പിക്കപ്പിലോ ജീപ്പിലോ കുത്തിനിറച്ചായിരിക്കും ജോലിസ്ഥലത്തേക്കെത്തിക്കുന്നത്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെയാണ് തൊഴിലാളികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത്. വാഹനത്തിന്റെ പുറത്തുകയറിനിന്നാണ് യാത്ര. ഇരിക്കാന്‍ ആര്‍ക്കും ഇടമുണ്ടാകില്ല.
ഏജന്റുമാരാണ് തൊഴിലാളികളെ വാഹനങ്ങളില്‍ പണിസ്ഥലങ്ങളിലെത്തിക്കുന്നത്. ഒരു തൊഴിലാളിയെ പണിസ്ഥലത്ത് എത്തിച്ചുകൊടുത്താല്‍ ഏജന്റിന് 200 രൂപ വരെ കമ്മീഷന്‍ ലഭിക്കുമെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുലഭിച്ച വിവരം. കോണ്‍ക്രീറ്റ് പണികള്‍ നടക്കുന്നിടത്താണ് ഏറെയും തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്നത്.
ആരോഗ്യവകുപ്പിലെ ഉദ്യോസ്ഥര്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് ശുചിത്വനിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ടെങ്കിലും കെട്ടിടഉടമകള്‍ സൗകര്യങ്ങള്‍ ഒരുക്കാറില്ല. പുതുപ്പാടിയില്‍ തൊഴിലാളികള്‍ക്ക് പ്രതിരോധകുത്തിവെപ്പും ശുചിത്വബോധവത്കരണ ക്ളാസ്സും നടത്തി. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ ശൗചാലയങ്ങള്‍ വൃത്തിഹീനമായി തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
തങ്ങളുടെ നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ കൂലി ലഭിക്കുന്നതാണ് ഇത്രയേറെ വൃത്തിഹീനമായ സാഹചര്യത്തിലും താമസിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. മൂന്നും നാലും പേര്‍ക്ക് കഴിയാനുള്ള മുറിയില്‍ പത്തും ഇരുപതുംപേര്‍ തിങ്ങിപാര്‍ക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് യാതൊരു പരാതിയും തൊഴിലാളികള്‍ ഉന്നയിക്കുന്നില്ല. ഞങ്ങള്‍ സന്തോഷവാന്മാരാണെന്നും ഒരു പരാതിയും ഇല്ലെന്നുമാണ് ഇവരില്‍ ഭൂരിഭാഗവും പറയുന്നത്.
ജീവിതം ദുഷ്‌കരമാണെന്ന് പറയാന്‍ തയ്യാറാകുന്നവരാകട്ടെ പേരും സ്ഥലവും പുറത്തുവിടരുതെന്ന നിബന്ധനയിലാണ് തങ്ങളുടെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് പറയുന്നത്. കോണ്‍ട്രാക്ടര്‍ക്കെതിരെ സംസാരിച്ചാല്‍ തങ്ങളുടെ തൊഴിലിനെ അത് ബാധിക്കുമെന്ന് ഭയപ്പെടുന്നവരുമാണ് ഇതില്‍ ഏറെയും. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫോറമായ എസ്.ആര്‍.സി പറയുന്നത്.
ഓരോ വര്‍ഷവും കേരളത്തില്‍ 2.35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തുന്നുണ്ടെന്നാണ് എസ്.ആര്‍.സി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തില്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഏകദേശം 1.82 ലക്ഷത്തിന്റെ വര്‍ധനവുണ്ടാകുന്നെന്നും കണക്കുകള്‍ പറയുന്നു.
കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 17,500 കോടി രൂപയാണ്. മലയാളികള്‍ ചെയ്യുന്ന അതേ ജോലി ചെയ്യുന്നവരാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തുല്ല്യകൂലി ലഭിക്കുന്നില്ല പ്രശ്നവും നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ 20 ശതമാനവും പശ്ചിമബംഗാളില്‍ നിന്നാണ്. ബിഹാറില്‍ നിന്ന് 18.10 ശതമാനം ആളുകളും, ആസ്സാമില്‍ നിന്നു 17.28 ശതമാനം പേരും, ഉത്തര്‍പ്രദേശില്‍ നിന്നു 14.83 ശതമാനം ആളുകളും കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 23.13 ശതമാനം ആളുകളും കേരളത്തിലുണ്ട്.
നാട്ടില്‍ വെറും 250 രൂപ മാത്രമേ കൂലി ലഭിക്കുന്നുള്ളുവെന്നും അതുകൊണ്ടാണ് ഞങ്ങള്‍ കേരളം തെരഞ്ഞെടുത്തതെന്നും കൊല്‍ക്കത്ത സ്വദേശിയായ മെഹബൂബ് (യഥാര്‍ത്ഥ പേരല്ല) പറയുന്നു. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ നിന്നുള്ള 50 പേര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. നാട്ടില്‍ 250 രൂപ ലഭിക്കുന്ന തങ്ങള്‍ക്ക് ഇവിടെ പ്രതിദിനം 400- 500 രൂപ ലഭിക്കുന്നുണ്ടെന്നാണ് മെഹബൂബ് പറയുന്നത്.
കേരളത്തില്‍ പൊതുവേ ശാന്തമായ അന്തരീക്ഷമാണെന്നും തങ്ങള്‍ക്ക് വളരെ സുരക്ഷിതത്വമാണ് ഇവിടെ അനുഭവപ്പെടുന്നതെന്നും പറയുന്ന മെഹബൂബ് പത്തുപേര്‍ ഒരുമിച്ച് താമസിക്കുന്ന മുറിയിലാണ് കഴിയുന്നതെങ്കിലും അതിനെക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. നാട്ടിലെ സാഹചര്യം വച്ചുനോക്കുമ്പോള്‍ അത്ര മോശമല്ലാത്ത സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വന്നതിനുശേഷം നാട്ടില്‍ തന്റെ സാമൂഹിക നിലവാരം കൂടിയെന്നു പറയുന്ന മെഹബൂബ് കേരളത്തില്‍ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലില്‍ നിന്ന് ഒഴിവാക്കി എ.പി.എല്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും സാക്ഷ്യപ്പെടുത്തുന്നു.
“നാടുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ശുചിത്വത്തില്‍ എത്രയോ മുന്നിലാണ് ജീവിത രീതിയും രാഷ്ട്രീയവുമെല്ലാം ഇവിടെ വളരെയധികം മെച്ചപ്പെട്ടതാണ്. നാട്ടിലെ രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കഴിയുകയില്ല, പൊലീസാണെങ്കില്‍ എപ്പോഴും കൈക്കൂലി ചോദിച്ച് കൊണ്ടേയിരിക്കും. പക്ഷേ ഇവിടുത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ് മെഹബൂബ് പറയുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേരത്തെയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കഴിയുന്ന തൊഴില്‍ ക്യാമ്പുകളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ പാറക്കടവ്, കോടഞ്ചേരി, മേപ്പയൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ ചെറിയ മുറികളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
പാറക്കടവിലെ കുറുവന്തേരി യു.പി. സ്‌കൂളിന് മുന്‍ വശത്തെ കെട്ടിടത്തില്‍ തൊഴിലാളികളെ കൂട്ടമായി പാര്‍പ്പിച്ചതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കെട്ടിടത്തിന് പിന്‍വശത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള പൈപ്പ് പൊട്ടി ഒലിച്ചിറങ്ങുന്ന കക്കൂസ് മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തുന്നത്.
തൊഴിലാളികളെ താമസിപ്പിക്കാന്‍ ലൈസന്‍സ് വരെയില്ലാതിരുന്ന കെട്ടിടത്തിലാണ് ഇത്രയധികം ആളുകളെ കരാറുകാരന്‍ പാര്‍പ്പിച്ചിരുന്നതെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവരുടെ താമസമെന്നും നാട്ടുകാര്‍ തിരിച്ചറിയുന്നതും പ്രതിഷേധിക്കുന്നതും സെപ്റ്റിക് മാലിന്യങ്ങള്‍ തങ്ങള്‍ക്ക് കൂടി പ്രശ്നമാകുമ്പോഴാണെന്നത് ശ്രദ്ധേയമാണ്.
ഇതിനു സമാനമായ സംഭവമായിരുന്നു കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. ഈങ്ങാപ്പുഴ, 25-ാംമൈല്‍, എലോക്കര എന്നിവിടങ്ങളില്‍ ഓരോ മുറികളിലും താമസിച്ചിരുന്നത് ഇരുപതില്‍ക്കൂടുതല്‍ ആളുകളായിരുന്നു. തൊഴിലാളികളുടെ എണ്ണത്തിനു ആനുപാതികമായി ശൗചാലയങ്ങളില്ലാത്തതും ഇവിടുത്തെ പ്രധാന പ്രശ്നമായിരുന്നു. കെട്ടിട ഉടമകള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നില്ലെന്നായിരുന്നു ആരോഗ്യ വകുപ്പ് ഉന്നയിച്ച പ്രധാന ആരോപണം.
കഴിഞ്ഞ ആഗസ്റ്റില്‍ കോഴിക്കോട് ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടതും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. കോഴിക്കോട്ടെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വൃത്തിഹീനമായ പരിസരവും ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നവര്‍ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള യാതൊരും കാര്യങ്ങളും ഉറപ്പുവരുത്തുന്നില്ലെന്ന പരാതിയായിരുന്നു ഇവിടെ നിന്നുയര്‍ന്നു വന്നത്. 2000 രൂപ വാടക ഈടാക്കുന്ന റൂമുകളില്‍ ഇതേ തുക ഒരോ ആളുകളോടും വാങ്ങി ഉള്‍ക്കൊള്ളുന്നതിലും അധികം ആളുകളെ താമസിപ്പിക്കുക എന്ന രീതിയാണ് ഏജന്റുമാരില്‍ പലരും കൈക്കൊള്ളുന്നതെന്ന് എസ്.ആര്‍.സി പ്രവര്‍ത്തകനായ മനോജ് തോമസ് പറയുന്നത്.
കേണ്‍ട്രാക്ടര്‍മാര്‍ക്കു കീഴില്‍ പണിയെടുക്കുന്നവര്‍ക്കാണ് ഇത്തരം പ്രശ്നങ്ങളെന്നും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. “മലയാളികള്‍ക്ക് 2000 രൂപയ്ക്കും 3000 രൂപയ്ക്കും വാടകയ്ക്ക് കൊടുക്കാവുന്ന മുറികളില്‍ ഇതേ തുക തലയെണ്ണി വാങ്ങി പത്തും പതിനഞ്ചും പേരെ താമസിപ്പിക്കുകയാണ് പലയിടത്തും. ഇടത്തരം കമ്പനികളും മറ്റും നല്ല സൗകര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഏജന്റുമാരും കോണ്‍ട്രാക്ടര്‍മാരുമാണ് തൊഴിലാളികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്.” മനോജ് പറയുന്നു.
ഇത്തരത്തില്‍ ചെറിയ മുറികളില്‍ പത്തും പതിനഞ്ചും പേരെ ഒരുമിച്ച് താമസിക്കുമ്പോള്‍ ആവശ്യമായ കക്കൂസ് സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. മലിനജലവും മറ്റു മാലിന്യങ്ങളും കെട്ടികിടക്കുന്നിടത്താണ് മിക്ക തൊഴിലാളികളും താമസിക്കുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കോഴിക്കോട് ചേവരമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് എസ്.ആര്‍.സി പ്രവര്‍ത്തകര്‍ പറയുന്നു. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും ജില്ലയുടെ പലഭാഗങ്ങളിലും ഇത്തരം സാഹചര്യമാണുള്ളതെന്നും ഇവര്‍ പറയുന്നു.
സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യത്തിനെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പുനരധിവാസത്തിന് എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നു.
“പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 768 തൊഴിലാളികള്‍ക്കുള്ള ആദ്യകേന്ദ്രം മൂന്നു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും താമസ കേന്ദ്രങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കുമെന്നുമായിരുന്നു” മന്ത്രിയുടെ വാക്കുകള്‍. ഇതില്‍ കഞ്ചിക്കോട്ടെ പാര്‍പ്പിട സമുച്ചായമായ “അപ്നാ ഘര്‍” 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോഴിക്കോട്ടെയും എറണാകുളത്തെയും തിരുവനന്തപുരത്തെയും “അപ്നാ ഘര്‍” എപ്പോഴത്തേക്ക് പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
കോഴിക്കോട്ടെ പാര്‍പ്പിട സമുച്ചയം രാമനാട്ടുകരയിലാണ് ആരംഭിക്കുന്നതെന്നും കിന്‍ഫ്രയുടെ സ്ഥലം ഏറ്റെടുത്താകും നിര്‍മ്മാണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാമനാട്ടുകരയിലാണ് ജില്ലയിലെ “അപ്നാ ഘര്‍” എന്ന വിവരം മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും എസ്.ആര്‍.സി പ്രവര്‍ത്തകരും പറയുന്നു.
കുറഞ്ഞ നിരക്കില്‍ തൊഴിലാളികള്‍ക്ക് വാടകയ്ക്കു താമസമൊരുക്കുക എന്നതാണ് അപ്നാ ഘര്‍ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. തൊഴില്‍ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷനാണു കഞ്ചിക്കോട്ടെ പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളായ കിറ്റ്കോയുടെ മേല്‍നോട്ടത്തിലും കോസ്റ്റ്ഫോര്‍ഡിന്റെ ചുമതലയിലുമാണു നിര്‍മാണം.
ഒരു മുറിയില്‍ 10 പേര്‍ എന്ന കണക്കില്‍ 640 പേര്‍ക്കാണു താമസസൗകര്യം. 64 മുറികളും 32 അടുക്കളകളും 96 ശുചിമുറികളും എട്ടു തീന്‍മുറികളുമുള്ളതാണ് കഞ്ചിക്കോട്ടെ അപ്നാ ഘര്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനത്തോടൊപ്പം കെട്ടിടവും പരിസരവും വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിന് ഏജന്‍സിയെ നിയോഗിക്കും.
എറണാകുളം ജില്ലയില്‍ കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ സ്ഥലത്താണ് അപ്നാ ഘര്‍ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത ഏറ്റവും കൂടുതലുള്ള പെരുമ്പാവൂരിലും വാസകേന്ദ്രം തുടങ്ങുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
നാട്ടുകാരായ തൊഴിലാളികള്‍ക്കു നല്‍കുന്ന പരിഗണനയും നിയമ സംരക്ഷണവും ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അപ്നാ ഘര്‍ നടപ്പിലാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേരളത്തില്‍ പ്രചരണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അന്യരായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.
തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അന്യരായി കാണുന്ന മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും അവരുടെ അധ്വാനം നമുക്ക് വേണ്ടിയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
പ്രാദേശിക വാദവും സങ്കുചിതത്വവുമാണ് ഇവരെ കൊടിയ പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാക്കുന്നതെന്നും ഈ തൊഴിലാളികളെ അപരിഷ്‌കൃതരും കുറ്റവാസനയുള്ളവരുമായി കാണുന്ന മനോഭാവം കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മിഷനും നേരത്തെ രംഗത്തെത്തിയിരുന്നു. എറണാകുളത്തെയും മൂവാറ്റുപുഴയിലെയും കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വരെയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതിനെതിരെയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് താമസക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം. മൂവാറ്റുപുഴയാറിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ മലിനീകരിക്കുന്നു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്.
എറണാകുളം ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചെങ്കിലും ശൗചാലയങ്ങള്‍ ഉള്ള കെട്ടിടങ്ങളിലല്ല ഇവര്‍ താമസിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കമ്മിഷനെ അറിയിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരും അധികൃതരും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ തയ്യാറാക്കുമ്പോഴും സംസ്ഥാനത്തെ രണ്ടാംതരം പൗരന്മാരായാണ് ഇവരിപ്പോഴും പരിഗണിക്കപ്പെടുന്നതെന്നതിന്റെ തെളിവുകളാണ് തൊഴിലാളികളുടെ വാസസ്ഥലത്തെ സൗകര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ രണ്ടാംതരം പൗരന്മാരായി കാണരുതെന്ന് 2016 ജൂണില്‍ കേരള ഹൈക്കോടതിയും പറഞ്ഞിരുന്നു. സംസ്‌കാരമുള്ള സമൂഹം അവരെ കൂട്ടത്തില്‍ കൂട്ടുകയാണ് വേണ്ടതെന്നും രണ്ടാംതരം പൗരന്മാരായി കാണരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ വാക്കുകള്‍. അമ്പലമേട്ടില്‍ മോശം സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചത് സംബന്ധിച്ച ഹര്‍ജിയിലെ ഉത്തരവിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്.
ഇതര സംസ്ഥാനക്കാര്‍ ഇവിടെ നേരിടുന്ന പ്രശ്നങ്ങള്‍ പൊതുജന ശ്രദ്ധയില്‍ വരണമെന്ന് കോടതി വിലയിരുത്തുകയും ചെയ്തിരുന്നു. നാട്ടുകാരെക്കാള്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിക്കാനായാണ് ഇവരെ ഇവിടെ എത്തിക്കുന്നതെന്നും എന്നാല്‍ തികച്ചും മോശമായ സൗകര്യങ്ങളാണ് ഇവര്‍ക്ക് ഒരുക്കി നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കരാറുകാര്‍ വഴിയാണ് ഇവര്‍ ജോലിക്കെത്തുന്നതെങ്കിലും ഇവരെ പണിക്കെടുക്കുന്ന തൊഴിലുടമയ്ക്ക് ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും വൃത്തിഹീനമായ സാഹചര്യങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകാതെ നോക്കാനും ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞിരുന്നു. ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ അത് മാത്രമാണ് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതെന്ന പരമാര്‍ശവും കോടതി നടത്തിയിരുന്നു.
കോഴിക്കോട്ടെ എസ്.ആര്‍.സി കോ- ഓഡിനേറ്ററായ സിസ്റ്റര്‍ ഗ്രേസിക്കും സമാനമായ അഭിപ്രായമാണ് മലയാളികളുടെ ചിന്താരീതിയെക്കുറിച്ചുള്ളത്. താന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജില്ലയിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നയാളാണെന്ന് പറയുന്ന ഗ്രേസി രാത്രി പത്തുമണിവരെ ഇത്തരക്കാരുടെ താമസസ്ഥലത്ത് ഉണ്ടാകാറുണ്ടെന്നും ഇതുവരെ മോശമായ ഒരു അനുഭവവും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും പറയുന്നു.
സംസ്ഥാനത്ത് എവിടെയെങ്കിലും ഒരു കേസ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് തൊഴിലാളികളെ മുഴുവന്‍ ബാധിക്കുന്ന രീതിയിലാണ് കൈകാര്യം ചെയ്യപ്പെടാറുള്ളതെന്നും സിസ്റ്റര്‍ ഗ്രേസി പറഞ്ഞു. “തൊഴിലാളികള്‍ക്ക് ബോധവത്കരണക്ലാസുകള്‍ എടുക്കുവാനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ താമസസ്ഥലത്ത ഞാന്‍ പതിവായി പോകാറുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ മൂന്നു ശതമാനം ആളുകള്‍ മാത്രമാണ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍. എന്നാല്‍ ഇവരൊന്നും മലയാളികളോട് മോശമായി പെരുമാറുന്നവരല്ല. അവര്‍ക്ക് നമ്മളെ ഭയവും ബഹുമാനവുമാണ്.” സിസ്റ്റര്‍ പറയുന്നു.
തൊഴിലാളികളില്‍ ഭൂരിഭാഗം പേരും വീട്ടിലെ ജീവിതസാഹചര്യം മാറ്റുന്നതിനായി നാടിനെ ഉപേക്ഷിച്ച് വന്നവരാണെന്ന പറയുന്ന സിസ്റ്റര്‍ ഗ്രേസി രാവിലെ ഏഴു മണിയ്ക്ക് പണിക്കുപോകുന്ന ഇത്തരക്കാര്‍ രാത്രിവൈകിയാകും താമസസ്ഥലത്ത് എത്തുകയെന്നും മറ്റു യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ ഇടപെടാറില്ലെന്നും പറയുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ കോഴിക്കോട് ജില്ലയില്‍ കോളറ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിന് ഗ്രേഡിങ് സംവിാനം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഗ്രേഡിങ് സമ്പ്രദായം നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ പദ്ധതി.
കെട്ടിടങ്ങള്‍ക്ക് നിശ്ചിതനിലവാരം വേണം. കടമുറികള്‍ക്ക് മുകളില്‍ താമസിപ്പിക്കാന്‍ കഴിയില്ല, തുടങ്ങിയ നിബന്ധനകളായിരുന്നു ഭരണകൂടം മുന്നോട്ട് വച്ചിരുന്നത്. നവംബര്‍ മുതല്‍ ഇത് നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ടതൊന്നും കേട്ടിട്ടില്ലെന്നാണ് എസ്.ആര്‍.സി പ്രവര്‍ത്തകര്‍ പറയുന്നത്.