| Friday, 11th October 2024, 8:07 pm

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ആശങ്ക; വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല, ഉള്ളില്‍ 141 യാത്രക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ആശങ്ക. രണ്ട് മണിക്കൂറിലധികമായി വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ ഇന്ത്യയുടെ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ സംഭവിച്ചിരിക്കുന്നത്. വിമാനത്തിനുള്ളില്‍ 141 യാത്രക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതിക തകരാര്‍ മൂലം വിമാനം രണ്ട് മണിക്കൂറുകളോളമായി ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പരമാവധി ഇന്ധനം കത്തിച്ച് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനാണ് ശ്രമിക്കുന്നത്.

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 10 മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പൈലറ്റ് സാങ്കേതിക തകരാര് മനസിലാക്കുകയും ലാന്‍ഡ് ചെയ്യാനുള്ള അനുമതി തേടുകയുമായിരുന്നു. എന്നാല്‍ അടിയന്തിരമായി വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിന് കഴിയാതെ വരികയും തുടര്‍ന്ന് പരമാവധി ഇന്ധനം കത്തിച്ച് ലാന്‍ഡ് ചെയ്യാനുള്ള നീക്കമുണ്ടാകുകയുമായിരുന്നു.

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് 5.40ന് പുറപ്പെട്ട വിമാനമായ AXB 613യാണ് ഹൈഡ്രോളിക് തകരാര്‍ നേരിട്ടത്. 8.30 ഓടെ വിമാനം ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു.

യാത്രക്കാര്‍ ആശങ്ക പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. അടിയന്തര ലാന്‍ഡിങിനുള്ള തയ്യാറെടുപ്പുകള്‍ വിമാനത്താവളം നടത്തിയിട്ടുണ്ടെന്നും ആംബുലന്‍സുകള്‍ സജ്ജമാണെന്നും വൃത്തങ്ങള്‍ അറിയിക്കുന്നു. 20ലധികം ആംബുലന്‍സുകള്‍ വിമാനത്താവളത്തില്‍ സജ്ജമാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlight: The plane is unable to land at Tiruchirappalli airport

We use cookies to give you the best possible experience. Learn more