|

ആകാശത്തല്ലാതെ ഈ ഭൂമിയില്‍ ജനിച്ച ഒരേ ഒരു താരം, നന്ദി മമ്മൂക്കാ, ഈ ചേര്‍ത്ത് നിര്‍ത്തലിന്: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് പങ്കുവെച്ച മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. മമ്മൂട്ടിയെ കെട്ടിപ്പുണര്‍ന്നും ചിരിച്ചും വിശേഷങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളാണ് ജൂഡ് പങ്കുവെച്ചത്.

‘ആകാശത്തല്ലാതെ ഈ ഭൂമിയില്‍ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യന്‍, നന്ദി മമ്മൂക്ക ഈ സ്‌നേഹത്തിന്, ചേര്‍ത്ത് നിര്‍ത്തലിന്, നല്ല വാക്കുകള്‍ക്ക്,’ പോസ്റ്റിനൊപ്പം ജൂഡ് കുറിച്ചു.

ജൂഡിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന 2018 സിനിമയുടെ ടീസര്‍ ലോഞ്ചിന് മമ്മൂട്ടി എത്തിയിരുന്നു. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷക പ്രീതിക്കൊപ്പം ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ത്ത് കുതിക്കുകയാണ് ചിത്രം.

ആഗോളതലത്തില്‍ ബോക്‌സോഫീസില്‍ നിന്ന് 150 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 2018. റിലീസ് ചെയ്ത് മൂന്ന് വാരം പിന്നിടുമ്പോഴാണ് ഈ ചരിത്ര നേട്ടം.

2018ന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നേട്ടത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 150 കോടിക്കൊപ്പം നില്‍ക്കുമ്പോഴും താന്‍ തലകുനിച്ചു കൈകൂപ്പി പ്രേക്ഷകരെ വന്ദിക്കുന്നുവെന്ന് വേണു കുറിച്ചു. അതിരുകടന്ന ആഹ്ലാദമോ അഹങ്കാരമോ ഇല്ലെന്നും ഇതെല്ലാം ദൈവ നിശ്ചയമാണെന്നും നിര്‍മാതാവ് പറഞ്ഞു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ എത്തിയത്.

Content Highlight: The pictures with Mammootty shared by director Jude Anthony Joseph are gaining attention