| Wednesday, 26th June 2024, 6:46 pm

മോദിക്കിപ്പോള്‍ ആളെ പിടികിട്ടിയില്ല? 'കോന്‍ രാഹുല്‍' എന്ന മോദിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയില്‍. ഒപ്പം ‘കോന്‍ രാഹുല്‍’ എന്ന നരേന്ദ്ര മോദിയുടെ ചോദ്യവും.

സ്പീക്കറിന്റെ ഇരിപ്പിടത്തിലേക്ക് ഓം ബിര്‍ളയെ ആനയിച്ചുകൊണ്ടുപോകുന്നതിന് മുന്നോടിയായാണ് മോദിയും രാഹുലും പരസ്പരം കൈക്കൊടുത്തത്. രാഹുലിനെ നോക്കി മോദി പുഞ്ചിരിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ ചർച്ച ചെയ്യുകയാണ്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ, ആജ് തക് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ‘കോന്‍ രാഹുല്‍’ എന്ന ചോദ്യമുയര്‍ത്തി രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത്. എന്നാല്‍ ആ ചോദ്യത്തിന് മോദിക്കിപ്പോള്‍ ഉത്തരം കിട്ടിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

സുധീര്‍ ചൗഹാന്‍, രാഹുല്‍ കാന്‍വാല്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖത്തിലാണ് രാഹുല്‍ ആരാണെന്ന മോദി തരത്തില്‍ സംസാരിച്ചത്. പാര്‍ലമെന്റില്‍ മോദി രാഹുലിന് ഹസ്തദാനം നല്‍കുന്നതും പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയുമൊപ്പം രാഹുല്‍ ഇരിക്കുന്നതുമായ ചിത്രങ്ങള്‍ നിരവധി ആളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

പ്രതിപക്ഷ നേതാവായി പാര്‍ലമെറ്റില്‍ എത്തിയ രാഹുലിന്റെ രാഷ്ട്രീയ പോരാട്ടത്തിന് മുന്നില്‍ ബി.ജെ.പിക്ക് അടിയറവ് പറയേണ്ടി വന്നുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കോന്‍ രാഹുല്‍ എന്ന അടിക്കുറിപ്പോട് കൂടി, രാഹുല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഹസ്തദാനം നല്‍കുന്ന ചിത്രങ്ങളും ആളുകള്‍ പങ്കുവെക്കുന്നു. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി രാഹുലിനെയും ഓം ബിര്‍ളയെയും നോക്കിനില്‍ക്കുന്നതും കാണാം.

കഴിഞ്ഞ ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ ഏറ്റവും മികച്ച തിരിച്ചുവരവാണ് ഇതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വര്‍ഷമായി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിപക്ഷനേതാവിനെ നാമനിര്‍ദേശം ചെയ്യാനുള്ള സീറ്റുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ 99 സീറ്റുകളാണ് കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയത്. പപ്പു യാദവ് അടക്കമുള്ള സ്വതന്ത്ര എം.പിമാരുടെ പിന്തുണയില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ അംഗത്വം 101ലേക്ക് ഉയരുകയും ചെയ്തു.

Content Highlight: The pictures of Prime Minister Narendra Modi and Leader of Opposition Rahul Gandhi shaking hands are now in discussion

We use cookies to give you the best possible experience. Learn more