കോട്ടയം: വെല്‍ഫയര്‍ പാര്‍ട്ടി കോട്ടയം മുന്‍ ജില്ലാ കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ
യുവജന സംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അനീഷ് പാറമ്പുഴ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്. ബി.ജെ.പിയുടെ പോഷക സംഘടനയായ പട്ടിക ജാതി മോര്‍ച്ച നേതാക്കളില്‍ നിന്ന് മെമ്പര്‍ഷിപ്പ് സ്വീകരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ദലിത് – ആദിവാസി സമിതി സംസ്ഥാന കോഡിനേറ്ററായിട്ടും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍, ബി.ജെ.പി പ്രവേശനത്തെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അനീഷ് പാറമ്പുഴ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അനീഷ് പാറമ്പുഴ ഒരു മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതാണെന്നാണെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിശദീകണം. അനീഷിന്റെ രാജിയുമായി ബന്ധപ്പെട്ട് നിക്ഷിപ്ത താല്‍പര്യക്കാര്‍ കുപ്രചരണങ്ങള്‍ നടത്തുന്നുവെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അനീഷ് പാറമ്പുഴ ഒരു മാസം മുമ്പ് രാജിവെച്ചതാണെന്നും, രാജിവെച്ചവരെ വീണ്ടും പുറത്താക്കുന്ന രീതി വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിക്കാറില്ലെന്നും കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. അതുകൊണ്ടാണ് ഇക്കാര്യം പൊതുജനങ്ങളെയോ മാധ്യമങ്ങളെയോ അറിയിക്കാതിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ അവസരം ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന കുപ്രചരണങ്ങള്‍ പൊതുജനങ്ങള്‍ തള്ളിക്കളയണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി പറഞ്ഞു.
വെല്‍ഫയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരിക്കെ അനീഷ് ഫേസ്ബുക്കിലെഴുതിയ മുസ്‌ലിം വിരുദ്ധ പോസ്റ്റ് വിവാദമായിരുന്നു. കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദളിതര്‍ ആക്രമിക്കപെടുന്ന കേസുകളില്‍ മുസ്‌ലിങ്ങളാണ് കൂടുതലും എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. വിഷയത്തില്‍ വിശദീകരണം ചോദിച്ച നോട്ടീസ് പിരീഡിലാണ് അനീഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്നാണ് വെല്‍ഫയര്‍ പാര്‍ട്ടി അറിയിക്കുന്നത്.
അതേസമയം, വെല്‍ഫയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ ഐ.ബി അടക്കമുള്ള
സുരക്ഷാ ഏജന്‍സികള്‍ തന്നെ പിന്തുടരുന്നുണ്ടെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ അനീഷ് പാറമ്പുഴയുടെ തന്റെ രാജി സംബന്ധിച്ച വിശദീകരണത്തില്‍ പറഞ്ഞിരുന്നു. രാജ്യത്തെ പല തീവ്രവാദ കേസുകളിലും ജയിലില്‍ കിടക്കുന്ന മുഴുവന്‍ ആളുകളുമായും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് ബന്ധണ്ടെന്നും അനീഷ് ആരോപിച്ചിരുന്നു.
അനീഷ് പാറമ്പുഴ ബി.ജെ.പിയില്‍ ചേര്‍ന്നത് സംബന്ധിച്ച് പ്രതികരിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്നും, സംഘടനയുടെ നിലപാടില്‍ നിന്ന് വിരുദ്ധമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീക്കും ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും ത്രിപുരയിലടക്കം സി.പി.ഐ.എമ്മില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയില്‍ പോയിട്ടുണ്ട്. രാജ്യത്തെ പ്രത്യേക രാഷ്ട്രീയ സഹചര്യത്തില്‍ അധികാരവും പവറും ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും പ്രതികണം ലഭ്യമായില്ല.
വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രസ്താവയുടെ പൂര്‍ണരൂപം
വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്ന അനീഷ് പാറമ്പുഴ പാര്‍ട്ടിയില്‍ നിന്ന് ഒരു മാസം മുമ്പ് രാജിവെച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി പാര്‍ട്ടിയുടെ നയത്തിനും രാഷ്ട്രീയത്തിനും വിരുദ്ധമായി കടുത്ത വംശീയതയിലൂന്നിയ നിലപാട് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടിക്രമത്തിന്റെ ഭാഗമായി അനീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് അനീഷ് രാജിവെക്കുകകയാണുണ്ടായത്. രാജിവെച്ചവരെ വീണ്ടും പുറത്താക്കുന്ന രീതി വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിക്കാറില്ല. അതു കൊണ്ടാണ് ഇക്കാര്യം പൊതുജനങ്ങളെയോ മാധ്യമങ്ങളെയോ അറിയിക്കാതിരുന്നത്. അതേസമയം, വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികള്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളെ അതാത് സമയങ്ങളില്‍ അറിയിക്കുകയും ചെയ്തിരുന്നു.
രൂപീകരണ കാലം മുതല്‍ സംഘ്പരിവാര്‍ ഫാസിസത്തോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടേത്. സംഘ്പരിവാറിന്റെ വേട്ടക്കിരയായ നേതാക്കളും പ്രവര്‍ത്തകരും അതിന്റെ സാക്ഷ്യങ്ങളാണ്. അതിനിയും പൂര്‍വാധികം ശക്തിയില്‍ മുന്നോട്ട് നയിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്.
അതേസമയം രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കും ഭാഗ്യാന്വേഷണങ്ങള്‍ക്കും മുന്‍ഗണന നല്‍കി സംഘ്പരിവാറിന് വിലക്കെടുക്കാവുന്ന രീതിയില്‍ ആദര്‍ശശൂന്യരും രാഷ്ട്രീയ വഞ്ചകരുമായവര്‍ സമൂഹത്തിലുണ്ട്. അത്തരം അവസരവാദക്കാരെ സമൂഹം തിരിച്ചറിയുകയാണ് വേണ്ടത്.
ഈ അവസരം ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍
സോഷ്യല്‍ മീഡിയ വഴി നടത്തുന്ന കുപ്രചരണങ്ങള്‍ പൊതുജനങ്ങള്‍ തള്ളിക്കളയേണ്ടതാണ്.
Content Highlight: The picture of ex-fraternity, Welfare Party leader buying BJP membership is out