കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറില്ല. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസിന് ഉടന്‍ മറുപടി നല്‍കും.
കേസിലെ അഭിഭാഷകന് മൊബൈല്‍ ഫോണുകള്‍ കൈമാറിയെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് അഭിഭാഷകന്റെ കൈയില്‍ ശാസ്ത്രീയ പരിശോധനക്ക് നല്‍കിയതെന്നും ദിലീപ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലാത്തതിനാല്‍ ഭയമില്ല. അന്ന് വീട്ടില്‍ വെച്ച് നടന്ന സംസാരം വൈകാരികമായ സംസാരം മാത്രമാണ്. അതിന് പിന്നില്‍ ഗൂഢലക്ഷ്യമില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പഴയ ഫോണുകള്‍ ഒളിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദിലീപും അനൂപും സുരാജും നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഇന്ന് ഹാജരാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
വധഭീഷണി കേസിനു പിന്നാലെ പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. പഴയ ഫോണുകള്‍ ഹാജരാക്കാന്‍ ഇന്ന് ഉച്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോണ്‍ മാറ്റിയത്. നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ഫോണുകള്‍ കിട്ടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്ന് ദിവസം ചോദ്യം ചെയ്യാനായിരുന്നു കോടതി അനുമതി നല്‍കിയത്. കോടതി അനുവദിച്ച സമയം അവസാനിച്ചുവെങ്കിലും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികള്‍ ഫോണുകള്‍ മാറ്റിയത് ഇതിന് വേണ്ടിയാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരത്തെടെയാണ് ലഭിച്ചത്. ഇതും വിശദമായി പരിശോധിച്ചശേഷമായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കുക.
Content Highlights: The phone will not be handed over to the crime branch and the investigating officers will not be trusted: Dileep