| Tuesday, 10th September 2024, 9:55 am

നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ വ്യക്തിവിവരങ്ങള്‍ പങ്കുവെച്ചു; യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ നിവിന്‍പോളിക്കെതിരായ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവുമടങ്ങിയ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ട യൂട്യൂബര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിവരങ്ങള്‍ പുറത്തുവിട്ട 12 യൂട്യൂബര്‍മാര്‍ക്കെതിരെയാണ് എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പുറത്തുവരുമ്പോള്‍ അവരുടെ വ്യക്തിവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ട്. പ്രസ്തുത നിയമം നിലനില്‍ക്കെ വിവരങ്ങള്‍ പുറത്തുവിടുന്നത് നിയമവിരുദ്ധമാണ്.

യൂട്യൂബര്‍മാര്‍ നിയമം ലംഘിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

യുവതി നടനെതിരെ നല്‍കിയ പീഡനപരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ യുവതിക്കെതിരെ പ്രചരണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നിവിന്‍ പോളിയുടെ ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി നിവിന്‍ പോളിയും സംഘവും പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിനടക്കമുള്ള ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ താന്‍ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തില്ലെന്നും നിവിന്‍ മാധ്യമങ്ങളെ പറഞ്ഞിരുന്നു. തനിക്കെതിരായുള്ള പരാതി വ്യാജമാണെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു നിവിന്‍ പറഞ്ഞത്.

പിന്നാലെ നിവിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംഭവം നടന്നെന്ന് യുവതി ആരോപിക്കുന്ന സമയത്ത് നിവിന്‍ വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ സെറ്റിലായിരുന്നുവെന്നാണ് വിനീത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.

സിനിമാ മേഖലയിലെ പലരുടെയും പ്രതികരണങ്ങള്‍ വന്നതിന് ശേഷം യുവതിയുടെ പരാതി വ്യാജമാണെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ യുവതിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് യൂട്യൂബര്‍മാരുള്‍പ്പെടെയുള്ളവര്‍ യുവതിയുടെ പേര്, സ്ഥലം, ചിത്രം എന്നിവ പ്രചരിപ്പിക്കുകയായിരുന്നു.

Content Highlight: the personal detailes of the woman who filed a complaint against nivin pauly were share; case against youtubers

We use cookies to give you the best possible experience. Learn more