കാവ്യക്കെതിരായ വ്യാജ വാര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ടത് നിരപരാധി
Daily News
കാവ്യക്കെതിരായ വ്യാജ വാര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ടത് നിരപരാധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th September 2014, 6:10 am

kavya[]കൊച്ചി: കാവ്യ മാധവന്‍ വീണ്ടും വിവാഹിതയാകുന്നു എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിപ്പിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്തയാള്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്. വിവരാവകാശ നിയമപ്രകാരം കേസിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്‌ ഈ മറുപടി ലഭിച്ചത്.

ആരാണ് ഈ വാര്‍ത്ത പ്രചരിപ്പിച്ചത് എന്നന്വേഷിക്കുന്നതിന് പകരം വാര്‍ത്ത പ്രത്യക്ഷപ്പെട്ട സൈറ്റിന്റെ ഉടമയുടെ സഹോദരി ഭര്‍ത്താവായ പി.എ.സ്റ്റീഫനെയാണ് ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സ്റ്റീഫനെ രണ്ട് ദിവസം റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഭാര്യയുടെ സഹോദരനെ കാണാന്‍ പോയപ്പോഴാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് സ്റ്റീഫന്‍ പറഞ്ഞു. ആരെയെങ്കിലും ഒരാളെ പ്രതിയാക്കണം എന്ന മനോഭാവമായിരുന്നു പോലീസിന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയില്‍ മോചിതനായ ശേഷം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് സ്റ്റീഫന്‍.

താന്‍ സൈബര്‍ കുറ്റ കൃത്യങ്ങളുടെ ഇരയാണെന്നും തനിക്കെതിരെ തെറ്റായ പ്രചരണമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നടക്കുന്നതെന്നും കാവ്യ പറഞ്ഞിരുന്നു. എനിക്കിതുവരെ ഫേസ് ബുക്ക് അകൗണ്ട് ഇല്ലെന്നും പക്ഷേ മറ്റുള്ളവര്‍ എന്റെ പേരില്‍ ചാറ്റ് ചെയ്യുന്നുണ്ടെന്നും കാവ്യ അറിയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കവ്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നത്.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് കാവ്യ. പുതുമുഖ സംവിധായകന്‍ സുനേഷ് ബാബിവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.