ചെങ്ങന്നൂര്‍: ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്ക് പശുക്കളുമായി പോയ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു.
പാണ്ഡവന്‍പാറ അര്‍ച്ചന ഭവനില്‍ വിക്രമനാണ്(55) മരിച്ചത്. വിക്രമന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി.
മഥുര വൃന്ദാവന്‍ ആശ്രമത്തിലേക്ക് ഈ മാസം 16നാണ് പശുക്കളുമായി വിക്രമന്‍ യാത്ര തിരിച്ചത്. 21ന് ദല്‍ഹിയിലെത്തിയ ശേഷം മക്കളെ വിളിച്ച് തനിക്ക് അസുഖമാണെന്നും രക്തം ഛര്‍ദ്ദിച്ചെന്നും ആശുപത്രിയില്‍ കൊണ്ടുപോകാതെ പൂട്ടിയിട്ടിരിക്കുകയാണെന്നും അറിയിച്ചു. പിറ്റേ ദിവസം രാത്രി 9.45 നാണ് ഇദ്ദേഹം അവസാനമായി വീട്ടുകാരെ വിളിച്ചത്. തന്നെ കൊണ്ടുപോകാന്‍ ഡല്‍ഹിയിലേക്ക് വരണമെന്ന് മകന്‍ അശോകനോട് വിക്രമന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് അശോകന്‍ ദല്‍ഹിയിലെത്തുകയും ആശ്രമം അധികൃതരെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. അശോകന്‍ ആശ്രമത്തിലേക്ക് വരേണ്ട കാര്യമില്ലെന്നും മൃതദേഹം വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ആ സമയത്താണ് വിക്രമന്‍ മരിച്ചത് അശോകന്‍ അറിയുന്നത്.
ഇന്നലെ പുലര്‍ച്ചയോടെ മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്ങന്നൂര്‍ പൊലീസ് മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.ഇതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ
മരണത്തില്‍ അസ്വഭാവിക ഉണ്ടോയെന്ന് പറയാനാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.