ഒട്ടാവ: ഏപ്രില്‍ 28ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
ഡൊണാള്‍ഡ് ട്രംപിന്റെ കാനഡയ്‌ക്കെതിരായ തീരുവ വര്‍ധനവുകള്‍ വോട്ടാക്കാനാണ് കനേഡിയന്‍ പ്രസിഡന്റിന്റെ ശ്രമമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ താരിഫുകള്‍ കൈകാര്യം ചെയ്യാന്‍ കാനഡ ബാധ്യസ്ഥരാണെന്നും അത്തരം നിര്‍ണായക നിമിഷങ്ങളില്‍ രാജ്യത്തെ ആര് നയിക്കണമെന്ന് തീരുമാനിക്കാന്‍ കാനഡയിലെ ജനങ്ങള്‍ ബാധ്യസ്ഥരാണെന്നും മാര്‍ക് കാര്‍ണി പറഞ്ഞു.
കാനഡ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും കാനഡ സുരക്ഷിതമാക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ടെന്നും കാനഡയെ കെട്ടിപ്പടുക്കാനായാണ് ജനങ്ങളോട് ശക്തമായ പോസിറ്റീവ് ജനവിധി ആവശ്യപ്പെടുന്നതായും മാര്‍ക് കാര്‍ണി പറഞ്ഞു.
ഇന്നലെ ഞായറാഴ്ച ഗവര്‍ണര്‍ ജനറലുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാര്‍ക് കാര്‍ണി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പാര്‍ലമെന്റ് പിരിച്ചുവിട്ട് ഏപ്രില്‍ 28ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചുവെന്നും അദ്ദേഹം അതിനോട് യോജിക്കുകയായിരുന്നുവെന്നും കാര്‍ണി പറഞ്ഞു.
‘പാര്‍ലമെന്റ് പിരിച്ചുവിട്ട് ഏപ്രില്‍ 28ന് ഒരു ഫെഡറല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഞാന്‍ ഗവര്‍ണര്‍ ജനറലിനോട് ആവശ്യപ്പെട്ടു. ജി7ലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥ നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. പ്രസിഡന്റ് ട്രംപിന്റെ താരിഫുകളെ നമ്മള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിനുവേണ്ടി ആ ശ്രമത്തിന് ആരാണ് നേതൃത്വം നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിന് രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് അര്‍ഹിക്കുന്നുണ്ട്.’ കാര്‍ണി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
കാനഡയില്‍ ദേശീയ തെരഞ്ഞെടുപ്പ് ഞായറാഴ്ച, പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. പ്രധാനമന്ത്രി മാര്‍ക് കാര്‍ണി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും പ്രഖ്യാപനമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹൗസ് ഓഫ് കോമണ്‍സിലെ 343 സീറ്റുകളിലേക്കോ ജില്ലകളിലേക്കോ ഉള്ള തെരഞ്ഞെടുപ്പ് പ്രചാരണം 37 ദിവസം നീണ്ടുനില്‍ക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുകയാണെങ്കില്‍ ലിബറലുകള്‍ക്കും കണ്‍സര്‍വേറ്റീവുകള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.
പാര്‍ലമെന്റില്‍ ഒറ്റയ്ക്കോ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയോടെയോ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അതിന്റെ നേതൃത്വം പ്രധാനമന്ത്രിക്കായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജനുവരിയില്‍ ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാര്‍ച്ച് ഒമ്പതിന് മാര്‍ക് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ട്രൂഡോ മാര്‍ച്ച് വരെ അധികാരത്തില് തുടരുകയായിരുന്നു. മാര്‍ച്ച് 14നാണ് കാനഡയുടെ 24മത് പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തത്.
Content Highlight: The people of the country deserve an election; Elections in Canada on April 28