| Thursday, 7th March 2024, 10:38 am

ത്രിപുരയില്‍ തിപ്ര മോതയും ബി.ജെ.പിയിലേക്ക്; പാര്‍ലമെന്റില്‍ ഒരുമിച്ച് മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ തിപ്ര മോത ബി.ജെ.പിയില്‍ ചേരും. 60 അംഗങ്ങളുള്ള ത്രിപുര നിയമസഭയില്‍ 13 എം.എല്‍.എമാരാണ് തിപ്ര മോതക്ക് ഉള്ളത്. നിലവിലെ മന്ത്രിസഭയില്‍ രണ്ട് സീറ്റുകള്‍ തിപ്ര മോതക്ക് ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തിപ്ര മോത മന്ത്രിമാരുടെ സത്യപ്രതിജ്ഞ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ റജീബ് ഭട്ടാചാര്യ പറഞ്ഞത്.

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തിപ്ര മോത ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യ സര്‍ക്കാരില്‍ ചേരാന്‍ ഒരുങ്ങുകയാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല,’ റജീബ് ഭട്ടാചാര്യ പറഞ്ഞു.

ത്രിപുരയിലെ തദ്ദേശവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടൊപ്പം തിപ്ര മോതയും കേന്ദ്രവും ത്രിപുര സര്‍ക്കാരും തമ്മില്‍ ഒരു കരാറില്‍ ഒപ്പു വെച്ചിരുന്നു.

‘ഗ്രേറ്റര്‍ തിപ്രാലാന്‍ഡ്’ എന്ന ആശയം ഉപേക്ഷിക്കില്ലെന്നും തിപ്ര മോത പാര്‍ട്ടി തലവന്‍ പ്രദ്യോത് ദേബ്ബര്‍മ പറഞ്ഞു.

ഗ്രേറ്റര്‍ തിപ്രാലാന്‍ഡ് എന്ന ആവശ്യം നേടിയെടുക്കാന്‍ സമയമെടുക്കുമെങ്കിലും ഞങ്ങള്‍ അത് ഉപേക്ഷിക്കില്ല. അയോധ്യയിലെ രാമക്ഷേത്രം എന്ന ആവശ്യം ബിജെപി ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല അത് വര്‍ഷങ്ങള്‍ക്ക് ശേഷം നേടിയെടുക്കുകയായിരുന്നു. ഇതുപോലെതന്നെ ഗ്രേറ്റര്‍ തിപ്രാലഡിന്റെ ആവശ്യവും വളരെ പ്രധാനപ്പെട്ടതാണ്,’ പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു.

അടുത്തിടെ ത്രിപുരയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ദേബ് ബര്‍മ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയെ കുറിച്ചും ദേബ് ബര്‍മ പ്രതികരിച്ചിരുന്നു.

സുദീപ് റോയ് ബര്‍മനും ആശിഷ് കുമാര്‍ സാഹിബും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും കോണ്‍ഗ്രസ് എം.എല്‍.എ ബിരജിത് സിന്‍ഹയുമായി തനിക്ക് നല്ല ബന്ധമാണെന്നും അമിത് ഷാജിയുമായും ആദിത്യ താക്കറെയുമായും തനിക്ക് വ്യക്തിപരമായ ബന്ധമാണുള്ളതെന്നും ദേബ് ബര്‍മ പറഞ്ഞിരുന്നു.

Content Highlight: The party of Tipra Motha in Tripura will join BJP

We use cookies to give you the best possible experience. Learn more