ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബി.ജെ.പി നേതാവിനെ പുറത്താക്കി പാര്‍ട്ടി നേതൃത്വം. ബന്‍സ്വാഡയിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഗനിയെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മോശം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് നടപടി.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങൾക്ക് വീതിച്ച് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് ബി.ജെ.പി നേതാവ് അതൃപ്തി അറിയിച്ചത്.
ഇതിനുപുറമെ രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളില്‍ മൂന്ന്, നാല് സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നും ദല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെ ഉസ്മാന്‍ ഗനി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ പ്രകോപിതരായ ബി.ജെ.പി നേതൃത്വം ഉസ്മാന്‍ ഗനി പുറത്താക്കുകയായിരുന്നു.
രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്‌ലിങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു എന്നും അതിനര്‍ത്ഥം രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നുമായിരുന്നു മോദിയുടെ പ്രസ്താവന.
രാജ്യത്തിന്റെ സമ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശികള്‍ ന്യൂനപക്ഷങ്ങള്‍ ആണെന്ന് 10 വര്‍ഷം മുമ്പ് മന്‍മോഹന്‍ സിങ് നടത്തിയ ഒരു പ്രസംഗത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ അവതരിപ്പിച്ച് കൊണ്ടാണ് മോദി ഈ പ്രസംഗം നടത്തിയത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയ, വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൊവ്വാഴ്ച അറിയിച്ചു. വര്‍ഗീയ പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.