പഞ്ചാബില്‍ ഒരു സവര്‍ണജാതിക്കാരിയായ യുവതിയോടൊപ്പം ജീവിക്കാനിറങ്ങിയ വാത്മീകി യുവാവിനെ ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് മനുഷ്യ വിസര്‍ജ്യം കഴിപ്പിച്ചു. അദ്ദേഹത്തിന് തന്റെ സഹോദരിയെ സവര്‍ണ ജാതിക്കാര്‍ക്ക് കൈമാറേണ്ടി വന്നു.
കൂടാതെ വലിയ പിഴയടയ്ക്കേണ്ടി വരികയും പൊതുമധ്യത്തില്‍ ക്രൂരമായി മര്‍ദിക്കപ്പെടുകയും ചെയ്തു. വാത്മീകി യുവാവിനൊപ്പം പോയതിന് യുവതിയും മര്‍ദിക്കപ്പെട്ടു. 1911ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നതാണ് ഈ ഭീതിതമായ സംഭവം.
ഉയര്‍ന്ന ജാതിക്കാരിയായ യുവതിയോടൊപ്പം ഒളിച്ചോടി, മനുസ്മൃതിയില്‍ പറയുന്ന സാമൂഹിക കോഡുകള്‍ ലംഘിച്ചു എന്ന കുറ്റത്തിന് കാണ്‍പൂരില്‍ നിന്നുള്ള ഒരു വാത്മീകി യുവാവിന് തല പാതി മുണ്ഡനം ചെയ്യേണ്ടി വന്നു.
തീര്‍ന്നില്ല പാതി മീശയും താടിയും വെച്ച് പുരികം പകുതി വടിച്ച നിലയിലാക്കി അദ്ദേഹത്തെ. ഇതിലെല്ലാമുപരി നേരത്തെ പറഞ്ഞ അതിക്രൂരമായ ശിക്ഷകളെല്ലാം അദ്ദേഹം അനുഭവിക്കേണ്ടിയും വന്നു.
ഈ പറഞ്ഞ കേസുകളിലെല്ലാം ശിക്ഷ വിധിച്ചതും നടപ്പിലാക്കിയതുമെല്ലാം ജാതി പഞ്ചായത്തുകളാണ്. ജാതി അവഗണിച്ച് ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് ക്രൂരമായ പീഡനങ്ങളും സാമൂഹിക ബഹിഷ്‌കരണവുമാണ് നേരിടേണ്ടി വരിക. ആളുകള്‍ അവരുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കില്ല, അവരോടൊപ്പം ഭക്ഷണം കഴിക്കില്ല, അമ്പലങ്ങളില്‍ അവര്‍ക്ക് പ്രവേശനവും വിലക്കും.
20ാം നൂറ്റാണ്ടില്‍പോലും ഉത്തരേന്ത്യന്‍ പഞ്ചായത്തുകളില്‍ മിശ്രവിവാഹം കടുത്ത ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. വാത്മീകികള്‍ക്ക് ശിക്ഷ കൂടുതല്‍ കടുപ്പമേറിയതാകും. മനുസ്മൃതി നടപ്പിലാക്കുന്ന ഈ പഞ്ചായത്തുകളില്‍ ഉയര്‍ന്ന ജാതിക്കാരനായ യുവാവാണ് ദളിത് സ്ത്രീയോടൊപ്പം ഇറങ്ങിപ്പോകുന്നതെങ്കില്‍ താരതമ്യേന കുറഞ്ഞ ശിക്ഷയേ അനുഭവിക്കേണ്ടതുള്ളൂ. തിരിച്ച് ഒരു ദളിത് യുവാവാണ് ഉയര്‍ന്ന ജാതിക്കാരിക്കൊപ്പം ഇറങ്ങിപ്പോകുന്നതെങ്കില്‍ ശിക്ഷയുടെ കടുപ്പമേറും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത ജാതിക്കാര്‍ക്ക് വ്യത്യസ്ത തരം ശിക്ഷകളാണ്. ഇതില്‍ അത്യന്തം ഹീനമായ ശിക്ഷ പലപ്പോഴും ലഭിക്കുന്നത് വാത്മീകികള്‍ക്കായിരിക്കും.
ഒരു ബ്രാഹ്മണ യുവാവ് താഴ്ന്ന ജാതിക്കാരിയായ യുവതിയോടൊപ്പം ജീവിക്കുകയാണെങ്കില്‍ സ്ത്രീയില്‍ നിന്നാണ് ഫൈന്‍ ഈടാക്കുക.
ചാന്നാര്‍, ദോബി, തുടങ്ങിയ ജാതിക്കാരില്‍ നിന്നും പ്രസ്തുത കുറ്റത്തിന് പിഴ ഈടാക്കും. ഇവിടെയും എന്തുകൊണ്ടോ കടുത്ത ശിക്ഷ വിധിക്കുന്നത് വാത്മീകികള്‍ക്ക് തന്നെയാണ്. അവരെ പൊതുമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും, അപമാനിക്കുകയും ചെയ്യും. അവരുടെ മക്കളേയും, സഹോദരിമാരെയും ഉയര്‍ന്ന ജാതിക്കാരെന്ന് കരുതിപ്പോരുന്നവര്‍ക്ക് കൈമാറേണ്ടി വരും.
ഇത് കൊണ്ടും തൃപ്തി വരാത്ത ജാതി പഞ്ചായത്തുകള്‍ പലപ്പോഴും മനുഷ്യവിസര്‍ജ്യവും ഇവരെകൊണ്ട് ഭക്ഷിപ്പിക്കും.
ജാതി അധിഷ്ടിതമായ ഭരണ വ്യവസ്ഥിതിയാണ് പലപ്പോഴും ഗ്രാമീണ ഇന്ത്യയില്‍ പഞ്ചായത്തുകള്‍ എന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഓരോ ജാതിക്കും അവരുടേതായ പഞ്ചായത്തുകള്‍ ഉണ്ട്. ഇത് പലപ്പോഴും പരമ്പരാഗതമായി മേധാവിത്വമുള്ള വലിയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഭരിച്ചുവരുന്നത്. ജാതി ഇവിടെ ഒരു മാനദണ്ഡമല്ല.
ജാതി പഞ്ചായത്തുകളുടെ നേതാക്കളെ പഞ്ച് എന്നാണ് അഭിസംബോധന ചെയ്യുക. പഞ്ചുകളുടെ സ്ഥാനം പരമ്പരാഗതമായി ലഭിച്ചുവരുന്നതാണ്. സാമൂഹിക നിയമവും, ജാതി വ്യവസ്ഥയുമൊക്കെ പരിപാലിച്ചുവരുന്നതില്‍ ഈ ജാതി പഞ്ചായത്തുകള്‍ക്ക് വലിയ പങ്കാണ് ഉണ്ടായിരുന്നത്. സമൂഹത്തിലും ഇവയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജാതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍ തന്നെയാണ് കൂടുതലായും ഇത്തരം പഞ്ചായത്തുകളുടെ മുന്നില്‍ വരുന്ന വലിയ പ്രശ്‌നങ്ങളും. കുടുംബവഴക്ക്, ഭൂമി തര്‍ക്കം തുടങ്ങിയ പ്രശ്‌നങ്ങളും ഇവിടെ കണക്കിലെടുക്കും.
സാധാരണ ഗതിയില്‍ ഇത്തരം കേസുകളിലെല്ലാം കുറ്റക്കാരെന്നു വിധിക്കപ്പെടുന്നവരില്‍ നിന്ന് ഫൈന്‍ ഈടാക്കുകയും, ശിക്ഷയായി മറ്റുള്ളവര്‍ക്ക് വിരുന്നൊരുക്കാന്‍ പറയുകയോ ആണ് ചെയ്യാറ്. ഏതെങ്കിലും സാഹചര്യത്തില്‍ പിഴയൊടുക്കാന്‍ സാധിക്കാതെ വന്നാല്‍ ആ വ്യക്തിയെ സമുദായത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും.
വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ക്കും വര്‍ണങ്ങളെ അടിസ്ഥാനമാക്കിയാണ് ശിക്ഷ. ശൂദ്ര വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വധശിക്ഷയാണ് ഇത്തരം കുറ്റങ്ങള്‍ക്ക് മസുസ്മൃതി പ്രകാരം വിധിക്കുന്നത്. ബ്രാഹ്മണനാകട്ടെ പിഴയൊടുക്കിയാല്‍ മാത്രം മതി. ജാതി അധിഷ്ടിതമായി എഴുതപ്പെട്ട മനുസ്മൃതിയില്‍ ആര് ആരെ വിവാഹം കഴിക്കണമെന്നതെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ബ്രാഹ്മണന് തന്റെ ആദ്യ വിവാഹം സ്വജാതിയില്‍ നിന്നുള്ള സ്ത്രീയുമായി നടന്നതിന് ശേഷം താഴ്ന്ന ജാതിയിലുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതില്‍ തടസമില്ലെന്നും മനുസ്മൃതിയില്‍ പറയുന്നു. മനുസ്മൃതി പ്രകാരം ഉയര്‍ന്ന ജാതിയിലുള്ള പുരുഷന്മാര്‍ മാത്രമാണ് സ്വാതന്ത്ര്യവും അധികാരവും അനുഭവിച്ചു പോന്നത്.
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍, ഉയര്‍ന്ന ജാതിയില്‍പ്പെടുന്ന കുറ്റവാളികള്‍ക്ക് വേണ്ടി പ്രതിഷേധ മുറവിളികള്‍ ഉയരുമ്പോഴും മുഴച്ചു നില്‍ക്കുന്നത് സാമൂഹികമായി ഘടനകളായി തിരിച്ച ജാതി അധിഷ്ടിത സംസ്‌കാരം തന്നെയാണ്.
ജാതി പഞ്ചായത്തുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നത് കൊണ്ട് കൂടിയാണ് ബി.ആര്‍ അംബേദ്കര്‍ ജാതി, മത, ലിംഗ, വര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന ഭരണഘടനയ്ക്ക് വേണ്ടി പ്രയത്‌നിച്ചത്. ജാതി പഞ്ചായത്തുകള്‍ ദളിതരെ അതിക്രമിക്കുകയും, ശിക്ഷിക്കുകയും, അവരോട് വിവേചനപരമായി പെരുമാറുകയുമാണ് ചെയ്ത് വന്നിരുന്നത്.
ജുഡീഷ്യറിയും ഭരണഘടയും മുന്നോട്ടുവെച്ച പ്രക്രിയകളെ വെല്ലുവിളിക്കാന്‍ ജാതി അടിസ്ഥാനമാക്കിയുള്ള പഞ്ചായത്തുകള്‍ പരസ്യമായി സംഘടിപ്പിക്കുന്നുവെന്ന് വായിക്കുമ്പോള്‍ ഉള്ളിലൂടെ ഒരു വിറയല്‍ അനുഭവപ്പെടുകയാണ്.
മനുസ്മൃതിയുടെ നിയമങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ദളിതരില്‍ നിന്നും എടുത്ത് കളഞ്ഞ് അവരെ ഇല്ലാതാക്കുന്നതിനുമുള്ള ഒരു വലിയ രൂപകല്‍പ്പനയുടെ ഭാഗമാണ് ഈ പഞ്ചായത്തുകള്‍.
രാജ്യത്തിന്റെ പുരോഗമന ശബ്ദങ്ങളായ നമ്മള്‍ ഈ സംഭവവികാസങ്ങള്‍ മനസിലാക്കുകയും ജാതി അടിസ്ഥാനമാക്കിയുള്ള മനു പ്രചോദിത പഞ്ചായത്തുകള്‍ അവസാനിപ്പിക്കുകയും വേണം. അല്ലാത്തപക്ഷം ജാതി സ്വത്വത്തെ അടിസ്ഥാനമാക്കി കുറ്റവും ശിക്ഷയും വിധിക്കപ്പെട്ട കാലത്തിലേക്ക് തിരികെ മടങ്ങുന്ന സ്ഥിതിയായിരിക്കും വരാന്‍ പോകുന്നത്.
പരിഭാഷ: ശ്രിന്‍ഷരാമകൃഷ്ണന്‍
(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)
Content Highlight: The panchayat in Hathras is Still Trying to Replace the constitution with Manusmriti