| Friday, 20th April 2018, 10:49 pm

ഗാസാ സമരമുഖത്ത് പൊരുതാന്‍ സ്ത്രീകളും; പ്രക്ഷോഭത്തില്‍ ശക്തമായ സ്ത്രീ സാന്നിധ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസാ: സമരമുഖത്ത് ശക്തമായ സാന്നിധ്യമായി സ്ത്രീകളും പെണ്‍കുട്ടികളും. ആയുധ ധാരികളായ ഇസ്രയേലി സൈന്യത്തെ വക വയ്ക്കാതെയാണ് ഫലസ്തീനിയന്‍ സ്ത്രീകള്‍ സമരമുഖത്ത് സജീവമാവുന്നത്.

ഒരു വശത്ത് മണല്‍ചാക്കുകള്‍ക്കിടയില്‍ സുരക്ഷിതരായിരുന്ന് ഫലസ്തീന്‍ സമരക്കാരെ ഉന്നമിടുന്ന ഇസ്രയേല്‍ സൈന്യം. മറുവശത്ത് കണ്ണീര്‍ വാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാതി മുഖം ഷാള്‍ കൊണ്ട് മറച്ച് പുരുഷന്മാര്‍ക്ക് സംരക്ഷണം നല്‍കി സമരത്തിന് മുന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍, ഇതാണ് ഗാസാ സമരമുഖത്ത് ദൃശ്യമാവുന്നത്.

“സത്രീകള്‍ക്ക് നേരെ അധികം വെടിയുതിര്‍ക്കാറില്ല” എന്നാണ് സമരമുഖത്ത് തന്റെ മൂന്നാഴ്ച പൂര്‍ത്തിയാക്കിയ 26 വയസുകാരി തെഹ്രീത് അല്‍ ബരാവി പറയുന്നത്. തന്റെ ഇളയ സഹോദരിയും സുഹൃത്തുക്കളും തെഹ്രീതയോടൊപ്പമുണ്ട്.

“പുരുഷാധിപത്യ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സമരമുഖത്ത് സ്ത്രീകള്‍ ഇവിടെ അസാധാരണമായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരുന്നുണ്ട്. ഞങ്ങളെല്ലാം ഇതിന്റെ ഭാഗമാണെന്ന് പുരുഷന്മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു” – തെഹ്രീത് പറഞ്ഞു.

പക്ഷേ സ്ത്രീ ആയിരുന്നാലും സമരമുഖത്ത് രക്ഷയില്ലെന്ന് സൂചിപ്പിക്കുന്നതാണ് കണക്കുകള്‍. 160 ഓളം സ്ത്രീകള്‍ക്കാണ് കഴിഞ്ഞ മൂന്നാഴ്ചക്കിടെ പരിക്കേറ്റത്. ആകെ 1600 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 36 പേര്‍ കൊല്ലപ്പെട്ടു.


Read | ഇസ്രായേലിലേക്ക് പോകാന്‍ മനസാക്ഷി അനുവദിക്കുന്നില്ല ; ഇസ്രായേല്‍ അവാര്‍ഡ് നിഷേധിച്ച് ഹോളിവുഡ് നടി നതാലി പോര്‍ട്ട്മാന്‍


ഫലസ്തീനില്‍ വര്‍ഷങ്ങളായി ഭൂമിദിനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് നടക്കാറുണ്ടെങ്കിലും ഇത്രയധികം സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നില്ല. വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പടെ സ്ത്രീകളുടെ വലിയ സംഘം തന്നെ ഇത്തവണ സമരത്തിലെത്തിയിട്ടുണ്ട്.

“പറ്റാവുന്നവരെയൊക്കെ കൊന്നൊടുക്കാനാണ് ഇസ്രയേല്‍ സൈന്യത്തിന്റെ തീരുമാനം. ഈ സമയത്ത് ഞാന്‍ അവിടെയില്ലാതിരിക്കുന്നത് വലിയ അപരാധമാണ്.”- 20 വയസുകാരിയായ നേഴ്‌സ് റസന്‍ അല്‍ നജ്ജാര്‍ പറയുന്നു. ദിവസം 12 മണിക്കൂറിലേറെ മെഡിക്കല്‍ വിഭാഗത്തില്‍ സന്നദ്ധ സേവനം നടത്തുന്നുണ്ട് നജ്ജാര്‍. ഏപ്രില്‍ 13ന് സമരത്തിനിടെ നജ്ജാറിന് പരിക്കേറ്റെങ്കിലും പിന്മാറാന്‍ തയ്യാറാവാതെ സമരമുഖത്ത് തുടരുകയായിരുന്നു.

ഭീതിദമായ പരിക്കുകളാണ് തനിക്ക് പലപ്പോഴും പരിചരിക്കേണ്ടി വന്നിട്ടുള്ളതെന്ന് നജ്ജാര്‍ പറയുന്നു. പൊട്ടിത്തെറിക്കുന്ന വെടിയുണ്ടകളേറ്റ് തകര്‍ന്ന അവയവങ്ങളുമായാണ് പലരും ചികിത്സയ്‌ക്കെത്തുന്നത്. ചിലരുടെ അവയവങ്ങള്‍ അറ്റ് തൂങ്ങിപ്പോവുക വരെ ചെയ്യാറുണ്ട്.

“എന്റെ ഉമ്മയെയും അനിയനെയും നോക്കണേ നജ്ജാര്‍” എന്ന് പറഞ്ഞ് സമരത്തിനിറങ്ങിയ യുവാവിനെയും നജ്ജാര്‍ ഓര്‍ത്തെടുത്തു. “അന്ന് വൈകീട്ട് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ അയാള്‍ കൊല്ലപ്പെട്ടു.” നജ്ജാര്‍ പറഞ്ഞു.


Read | ‘ ഞങ്ങളുടെ കുട്ടികളെ ഞങ്ങളാണോ കൊന്നത് ? രണ്ട് കൊല്ലം കഴിഞ്ഞാല്‍ അവര്‍ ബാബു ബജ്‌രംഗിയെയും വെറുതെ വിടും’ : നരോദാപാട്യ വിധി ചോദ്യം ചെയ്ത് ഇരകള്‍


1976 ല്‍ വടക്കന്‍ ഇസ്രയേലില്‍ ഭൂമി അവകാശസമരവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തില്‍ ആറ് അറബ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മപുതുക്കി വര്‍ഷംതോറും നടക്കാറുള്ള “ഭൂമിദിനാ”ചരണത്തിനിടെയുണ്ടായ വെടിവയ്പാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഇസ്രായേലിന്റെ അധീനതയിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് “ഗ്രേറ്റ് മാര്‍ച്ച് ഓഫ് റീട്ടേണ്‍” എന്ന പേരില് പതിനായിരകണക്കിന് പലസ്തീന് പൗരന്മാര്‍ ഗാസ അതിര്‍്ത്തിയിലേക്ക് നീങ്ങിയ മാര്‍ച്ചിന് നേരെ ഇസ്രയേല്‍ വെടുയുതിര്‍ക്കുകയായിരുന്നു. മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ ഹമാസ് പോരാളികളാണെന്നാരോപിച്ചായിരുന്നു ഇസ്രയേല്‍ പ്രകോപനം.

We use cookies to give you the best possible experience. Learn more