റിയാദ്: ഗസക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇസ്രഈലിനെ തടയാന്‍ അമേരിക്കയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ഇസ്രഈലിനെ അംഗീകരിച്ചവര്‍ ഫലസ്തീനെയും അംഗീകരിക്കണമെന്ന് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. റിയാദില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലായിരുന്നു പരാമര്‍ശം.
വെസ്റ്റ് ബാങ്കും ജെറുസലേമും ഗസയും ഉള്‍പ്പെടുന്ന ഫലസ്തീന്‍ രാഷ്ട്രം രൂപീകൃതമായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്റിന് പുറമെ ഖത്തര്‍, യു.എ.ഇ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുത്തു. ഫലസ്തീന്‍ അതിര്‍ത്തി നഗരമായ റഫയില്‍ ഇസ്രഈലി സൈന്യം ആക്രമണം ആരംഭിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് സമ്മേളനം നടക്കുന്നത്. തിങ്കളാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റിയാദിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ ലോക സാമ്പത്തിക രംഗത്തെ തകര്‍ക്കാനിടയാക്കുമെന്ന് സൗദി ധനകാര്യ മന്ത്രിയും സമ്മേളനത്തില്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഒക്ടോബറിന് മുമ്പുള്ള അതേ നിലയില്‍ ഗസയില്‍ തുടരുകയാണെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹമാസിനെ തകര്‍ക്കുമെന്ന നെതന്യാഹു സര്‍ക്കാരിന്റെ വാദം യാഥാര്‍ത്ഥ്യമായില്ലെന്നും ഇസ്രഈല്‍ മാധ്യമങ്ങള്‍ പറഞ്ഞു.
ഹമാസിനെയും അതുമായി ബന്ധപ്പെട്ട എല്ലാ ശേഷിപ്പുകളെയും ഗസയില്‍ നിന്ന് തുടച്ചുനീക്കിയതിന് ശേഷം യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സുരക്ഷാ മന്ത്രി യോവ് ഗാലന്റും പറഞ്ഞിരുന്നത്.
എന്നാല്‍ ഈ വാദത്തെ തള്ളുന്ന രീതിയിലായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഗസയില്‍ നടത്തുന്ന യുദ്ധത്തില്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഇസ്രഈല്‍ മാധ്യമങ്ങളുടെ നിലവിലുള്ള വിലയിരുത്തല്‍.
Content Highlight: The Palestinian president said that only America can stop Israel