| Saturday, 13th January 2024, 8:15 pm

ആറ് ആംബുലന്‍സുകളുമായി ഫലസ്തീനികളുടെ അതിജീവനം; കണക്കുകള്‍ പുറത്തുവിട്ട് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്നതിനിടയില്‍ നഗരത്തില്‍ ആറ് ആംബുലന്‍സുകള്‍ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. ഫലസ്തീനില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ 121 ആംബുലന്‍സുകളെങ്കിലും ഇസ്രഈലി സൈന്യം നശിപ്പിച്ചതായി ഗസയിലെ സര്‍ക്കാര്‍ മാധ്യമ സ്ഥാപനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നഗരത്തിലെ ആരോഗ്യ സൗകര്യങ്ങളെയും സിവില്‍ സേവനങ്ങളെയും മനഃപൂര്‍വം ലക്ഷ്യമിടുന്നതിന്റെ ഭാഗമാണ് ഇസ്രഈലിന്റെ ഇത്തരത്തിലുള്ള ആക്രമണങ്ങളെന്ന് ഫലസ്തീന്‍ അധികൃതര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. അധിനിവേശ സൈന്യം ബോംബാക്രമണങ്ങളിലൂടെയും പൊലീസ് അറസ്റ്റിലൂടെയും ഗസയിലെ ഫലസ്തീനികളെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇസ്രഈല്‍ ഭരണകൂടം ലക്ഷ്യം വെക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇസ്രഈലിന്റെ സമ്മര്‍ദത്തിലും ആക്രമണത്തിലുമായി ഗസയിലെ നിവാസികള്‍ക്ക് ലഭിക്കുന്ന മാനുഷിക സഹായങ്ങളില്‍ വലിയ കുറവുകള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ഫലസ്തീനികളുടെ ചികിത്സക്കായി ലോക രാഷ്ട്രങ്ങള്‍ കൂടുതല്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ ഗസയിലേക്ക് അയക്കണമെന്നും ഫലസ്തീന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

കൂടാതെ വടക്കന്‍ ഗസയില്‍ ഇസ്രഈല്‍ പട്ടിണി നയം അടിച്ചേല്‍പ്പിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഗസയിലെ പൗരന്മാര്‍ക്കായുള്ള ആറ് മാനുഷിക സഹായ ദൗത്യങ്ങള്‍ ലോകാരോഗ്യ സംഘടന റദ്ദാക്കിയിരുന്നു. മെഡിക്കല്‍ സംഘങ്ങള്‍ക്കും യു.എന്‍ വാഹനവ്യൂഹങ്ങള്‍ക്കെതിരെയുമുള്ള ആക്രമണം ഇസ്രഈല്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

സുരക്ഷാ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് ദൗത്യം പിന്‍വലിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ പൗരന്മാര്‍ക്കിടയിലേക്ക് എത്തിച്ചേരുന്നതില്‍ നഗരത്തിലെ ഗതാഗത തടസം, തീവ്രമായ ബോംബാക്രമണം, ഇന്ധനക്ഷാമം, ആശയവിനിമയത്തിലെ നിയന്ത്രണം എന്നിവ തടസം സൃഷ്ടിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

Content Highlight: The Palestinian Ministry of Health says only six ambulances remain in Gaza

We use cookies to give you the best possible experience. Learn more