| Saturday, 28th September 2024, 9:42 pm

ഫലസ്തീന്‍ പ്രശ്‌നം തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ല: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഫലസ്തീന്‍ പ്രശ്‌നം തന്നെ വ്യക്തിപരമായി ബാധിക്കുന്നേയില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സൗദി രാജകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന യുവജനങ്ങള്‍ക്കും ഫലസ്തീന്‍ പ്രശ്‌നം എന്താണെന്ന് കാര്യമായിട്ടറിയില്ലെന്ന് പറഞ്ഞ സല്‍മാന്‍ തന്നെയും ഈ പ്രശ്‌നം വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രം രൂപീകരിക്കുന്നതിനായി ആഗോള സഖ്യമുണ്ടാക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞതിന് പിന്നാലെയാണ് കിരീടവകാശിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഫലസ്തീന്‍-ഇസ്രഈല്‍ യുദ്ധം നടക്കുന്നതിനിടെ ഗള്‍ഫ് രാജ്യവും ഇസ്രഈലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പരിശോധിക്കാന്‍ ആന്റണി ബ്ലിങ്കന്‍ ജനുവരിയില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. സൗദി നഗരമായ അല്‍-ഉലയില്‍ വെച്ച് നടത്തിയ ഈ ചര്‍ച്ചയിലാണ് സൗദി കിരീടധാരി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് സൂചന.

ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് യു.എസിന്റെ നേതൃത്വത്തില്‍ ഇസ്രഈലുമായുള്ള സൗദി അറേബ്യ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യുദ്ധം ആരംഭിച്ചതോടെ അവയ്ക്ക് മങ്ങലേല്‍ക്കുകയായിരുന്നു.

ഗസ മുനമ്പിലേക്ക് ഇസ്രഈല്‍ ഇടയ്ക്കിടയ്ക്ക് പ്രവേശിക്കുന്നത് ശെരിയണോ എന്ന ബ്ലിങ്കന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സൗദി രാജകുമാരന്‍.

‘എന്റെ ജനസംഖ്യയുടെ എഴുപത് ശതമാനവും എന്നേക്കാള്‍ ചെറുപ്പമാണ്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും ഫലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് പലരും ഇക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതൊരു വലിയ പ്രശ്‌നമാണ്. ഫലസ്തീന്‍ വിഷയം എന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ എന്റെ ആളുകള്‍ അത് ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ ഇക്കാര്യം അര്‍ത്ഥവത്താണെന്ന് എനിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.

എന്നാല്‍ ഈ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പറഞ്ഞ് ഒരു സൗദി ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം തുടക്കത്തില്‍ മിഡില്‍ ഈസ്റ്റ് ഐ സൗദി, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് സൗദി കിരീടവകാശിയോട് ചോദിച്ചിരുന്നു.

എന്നാല്‍ സൗദി അറേബ്യ ഫലസ്തീനോട് പിന്തുണ പ്രകടിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വെക്കുന്നതായി തോന്നിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരുപക്ഷേ സൗദി അറേബ്യയെ എതിര്‍ക്കുന്ന ചില പ്രസിദ്ധീകരണങ്ങളില്‍ ആണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: The Palestinian issue does not affect him personally says Saudi Crown Prince Mohammed bin Salman

Latest Stories

We use cookies to give you the best possible experience. Learn more