ജെറുസലേം: ഫലസ്തീനികളെ ഗസയില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിടുന്ന ഇസ്രഈലിന്റെ പദ്ധതിയില്‍ പങ്കുചേരരുതെന്ന് ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ച് ഫലസ്തീന്‍ അതോറിറ്റി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനോടാണ് ഫലസ്തീന്‍ അതോറിറ്റി ആവശ്യം ഉന്നയിച്ചത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണങ്ങളില്‍ കുടിയിറക്കപ്പെട്ട ഫലസ്തീനികളെ ഏറ്റെടുക്കാന്‍ മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയുടെ തലവനായി ടോണി ബ്ലെയറിനെ തെരഞ്ഞെടുത്തതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫലസ്തീന്‍ അതോറിറ്റി അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.
ഈ കാര്യത്തില്‍ വളരെ ശ്രദ്ധയോടെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വീക്ഷിക്കുന്നതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ടോണി ബ്ലെയറിന്റെ ഓഫീസ് നിഷേധിക്കുകയുണ്ടായി.
എന്നാല്‍ ഗസയില്‍ നിന്ന് ഇസ്രഈല്‍ ഏതാനും ബ്രിഗേഡുകളെ പിന്‍വലിച്ചത് ഫലസ്തീനിലെ വടക്കന്‍ മേഖലയില്‍ യുദ്ധത്തിന്റെ തീവ്രത കുറയുന്നതിന് സാഹചര്യമൊരുക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും ഫലസ്തീനിലെ നഗരങ്ങളില്‍ സംഘര്‍ഷ സാധ്യത ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വംശഹത്യയും ഫലസ്തീനികളുടെ നിര്‍ബന്ധിത നാടുകടത്തലും തീവ്രമാക്കാനുള്ള ഇസ്രഈല്‍ ഭരണകൂടത്തിന്റെ പദ്ധതികളില്‍ ഒരു ഭാഗമായിക്കൊണ്ട് ഒരു കുറ്റകൃത്യത്തില്‍ ടോണി ബ്ലെയര്‍ ഉള്‍പ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലിന്റെ നടപടി ഫലസ്തീന്‍ ജനതക്ക് അവരുടെ മാതൃരാജ്യത്തിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും വഫയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
നിലവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 156 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീനിലെ മരണസംഖ്യ 21,978 ആയി വര്‍ധിച്ചുവെന്നും 57,697 പേര്‍ക്ക് പരിക്കേല്‍ക്കുകയും 7,000 പേരെ കാണാതാവുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlight: The Palestinian Authority says Britain should not cooperate with Israel’s plan to displace Palestinians