ഇസ്‌ലാമാബാദ്: തങ്ങള്‍ക്കെതിരെയുള്ള വിയോജിപ്പുകളെ അമര്‍ച്ച ചെയ്യാനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ നടപടികള്‍ സ്വീകരിച്ച് പാകിസ്ഥാന്‍ ഭരണകൂടം. കഴിഞ്ഞ 2 വര്‍ഷത്തിനിടെ, 23ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പിഴയും ശിക്ഷയും ലഭിച്ചിട്ടുണ്ടെന്നും, മാധ്യമപ്രവര്‍ത്തനം മരവിച്ച അവസ്ഥയിലാണെന്നും മാധ്യമ അവകാശ നിരീക്ഷണ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം നെറ്റ്‌വര്‍ക്ക് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
‘സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തുക’, ‘നീതിന്യായ വ്യവസ്ഥിതിയെ അപകീര്‍ത്തിപ്പെടുത്തുക’, ‘ഇന്റലിജന്‍സ് ഏജന്‍സികളെ അപകീര്‍ത്തിപ്പെടുത്തുക’ തുടങ്ങിയ ”കുറ്റങ്ങളാണ്” ഭരണകൂടം മാധ്യമങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്നത്. രാജ്യത്തിലെ ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രേഹ കുറ്റം പോലും ചുമത്താന്‍ ഭരണകൂടം മടിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ സൈബര്‍ നിയമം എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ ഇലക്ട്രോണിക് ക്രൈംസ് ആക്ട് (പി.സി.ഇ.എ) പ്രകാരമുള്ള 23 കേസുകളില്‍ 13 പേര്‍ക്കെതിരെയാണ് പാകിസ്ഥാന്‍ ശിക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഏറ്റവും ചുരുങ്ങിയത് ഒന്‍പത് പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്നും, അതില്‍ ആറ് പേര്‍ക്ക് 60 ദിവസത്തെ കഠിനമായ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം പോലും ലഭിച്ചെതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
24 മണിക്കൂറും സമഗ്രമായ വാര്‍ത്താപ്രക്ഷേപണങ്ങളും, എല്ലാ ദിവസവും പാനലിസ്റ്റ് ചര്‍ച്ചകളും സംഘടിപ്പിക്കുന്ന നിരവധി ടെലിവിഷന്‍ ചാനലുകളും, പത്രങ്ങളും, ഓണ്‍ലൈന്‍ പോര്‍ട്ടലുകളും, ജേണലിസ്റ്റുകള്‍ നടത്തുന്ന യൂട്യൂബ് ചാനലുകളും തുടങ്ങി എല്ലാ തരം വാര്‍ത്താ വിനിമയസാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പാകിസ്ഥാന്റെ മാധ്യമലോകം. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാടാണ് ഭരണകൂടത്തിന്റെതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആക്ഷേപം.
രാജ്യത്തെ ഈ അനൗപചാരിക നിയമങ്ങള്‍ അനുസരിക്കാത്ത ടെലിവിഷന്‍ ചാനലുകളുടെ സിഗ്നല്‍ കട്ട് ചെയ്യുകയും, പത്ര വിതരണം തടസ്സപ്പെടുത്തുകയും, സൈന്യത്തെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ സൈബര്‍ നിയമപ്രകാരം എല്ലാ സോഷ്യല്‍ മീഡിയ കമ്പനികളും അവരുടെ യൂസര്‍ഡാറ്റ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം എന്ന നിബന്ധനയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ പുതിയ സൈബര്‍ നിയമം അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് അല്‍ജസീറയടക്കമുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോള്‍ പാകിസ്ഥാനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ‘നാണംകെട്ട സെന്‍സര്‍ഷിപ്പാ’ണെന്നാണ് അന്താരാഷ്ട്ര തലത്തില്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ആര്‍.എസ്.എഫ് എന്ന സംഘടന പറയുന്നത്. ഇമ്രാന്‍ ഖാന്‍ അധികാരമേറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥിതിവിശേഷം രൂക്ഷമായതെന്നും അവര്‍ ആരോപിക്കുന്നു.
ആര്‍.എസ്.എഫിന്റ പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് പ്രകാരം മാധ്യമസ്വാതന്ത്ര്യത്തില്‍, 180 രാജ്യങ്ങളുടെ പട്ടികയില്‍ 145ാം സ്ഥാനത്താണ് പാകിസ്ഥാന്‍.