ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ വേദി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പാകിസ്ഥാനായിരുന്നു ഏഷ്യ കപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ അങ്ങോട്ടേക്ക് ടീമിനെ അയക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) തീരുമാനമെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്.
മത്സരങ്ങള്‍ ഏതെങ്കിലും നിക്ഷ്പക്ഷ വേദികളിലേക്ക് മാറ്റണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാല്‍ വേദി വിട്ടുനല്‍കില്ലെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും രംഗത്തെത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. വേദിയുടെ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടായി എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
അതുപ്രകാരം ഏഷ്യ കപ്പ് വേദിയായി പാക്കിസ്ഥാന്‍ തുടരും. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റേതെങ്കിലും നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും.
ഈ തീരുമാനം ഇരു രാജ്യങ്ങളും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഏഷ്യ കപ്പ് വേദി വിവാദത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഇമ്രാന്‍ നസീര്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ വന്ന് കളിക്കാന്‍ തയ്യാറാകാത്തത് തോല്‍ക്കുമെന്ന പേടി കൊണ്ടാണെന്നാണ് ഇമ്രാന്‍ പറയുന്നത്.
‘ഇവിടെ സുരക്ഷാ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമെല്ലാം മത്സരങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ എത്തിയിരുന്നു. അവരാരും ഒരു സുരക്ഷാ ഭീഷണിയും നേരിട്ടില്ല. സുരക്ഷാ ഭീഷണിയെ ബി.സി.സി.ഐ ഒരു മറയാക്കി വെച്ചിരിക്കുകയാണ്, അവരുടെ യഥാര്‍ഥ പ്രശ്‌നം ഭയമാണ്, പാകിസ്ഥാനില്‍ പരാജയപ്പെടുമോ എന്ന ഭയം. അവര്‍ രാഷ്ട്രീയം കളിക്കുകയാണ്,’ നസീര്‍ പറഞ്ഞു.
‘ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരം കാണാന്‍ ലോകം കാത്തിരിക്കുകയാണ്. ധാരാളം മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കുമിടയില്‍ നടന്നിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ ഇന്ത്യക്ക് പരാജയം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്,’ താരം കൂട്ടിച്ചേര്‍ത്തു.
Content Highlights: The Pakistani Cricket player said that India is not coming to Pakistan because of the fear of losing