| Monday, 10th June 2024, 12:05 pm

പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാകണം: ഓര്‍ത്തഡോക്‌സ് സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തില്‍ വിശദീകരണവുമായി ഓര്‍ത്തഡോക്‌സ് സഭ. നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ വിവരദോഷി പരാമര്‍ശത്തിലാണ് തുമ്പമണ്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സെറാഫിം വിശദീകരണം നല്‍കിയത്.

മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാകണമെന്നും വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി കണ്ട് തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട എല്‍.ഡി.എഫിനെ വിമര്‍ശിച്ച് മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത് വരികയായിരുന്നു. തന്റെ ഫേസ്ബുക് പേജിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനുണ്ടായ പരാജയം ഭരണവിരുദ്ധ വികാരത്തിന്റെ ഫലമാണെന്നും, എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സമയത്തും രക്ഷയ്ക്ക് പ്രളയം വരില്ലെന്നും കിറ്റ് രാഷ്ട്രീയം ജനങ്ങള്‍ക്കിടയില്‍ എപ്പോഴും വിലപോവിലെന്നും മാര്‍ കൂറിലോസ് പറഞ്ഞിരുന്നു.

അഴിമതിയും സാമ്പത്തിക അച്ചടക്കമില്ലായ്മയും സി.പി.ഐ.എമ്മിനെ തോല്‍വിയിലേക്ക് നയിച്ചതെന്നും മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടി. തെറ്റ് തിരുത്തുമെന്ന പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു.

എന്നാല്‍ ഇതിന് മറുപടിയായി, പുരോഹിതര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകാം എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രളയത്തെയും മഹാമാരിയെയും നമ്മള്‍ എങ്ങനെയാണ് അതിജീവിച്ചതെന്നും, ആ ഘട്ടത്തില്‍ കേന്ദ്രം നമ്മളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടും പ്രശ്‌നങ്ങളെ എങ്ങനെയാണ് നമ്മള്‍ ഒറ്റക്കെട്ടായി നേരിട്ടതെന്ന് ജനങ്ങള്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: The Orthodox Church: should be ready to accept criticisms and correct them positively

We use cookies to give you the best possible experience. Learn more