വാരണാസി: ഗ്യാന്‍വാപി പള്ളിയിലെ ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍.
കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മാണത്തിനായി യഥാര്‍ത്ഥ ശിവലിംഗം തകര്‍ക്കപ്പെട്ടെന്ന് കാശിയിലെ സന്യാസി മഹന്ത് രാജേന്ദ്ര തിവാരി പറഞ്ഞു.
‘ദാരാ ഷിക്കോയുടെ കാലം മുതലുള്ള ഒരു രേഖ ഇപ്പോഴും എന്റെ പക്കലുണ്ട്. അത് യഥാര്‍ത്ഥ ശിവലിംഗം മാറ്റി സ്ഥാപിക്കാന്‍ ക്ഷേത്രത്തിന്റെ പരിചാരകരായിരുന്ന എന്റെ പൂര്‍വ്വികര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്റെ പൂര്‍വ്വികര്‍ ശിവലിംഗം നീക്കം ചെയ്യുകയും ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിക്കുകയും ചെയ്തു. അവിടെ അത് കേടുപാടുകള്‍ കൂടാതെ ഇന്നും കാണാം,’ അദ്ദേഹം പറഞ്ഞു.
‘വാസ്തവത്തില്‍ കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മാണത്തിനായാണ് യഥാര്‍ത്ഥ ശിവലിംഗങ്ങള്‍ നശിപ്പിക്കപ്പെടുന്നത്. ഇടനാഴി വിപുലീകരണം നടക്കുമ്പോള്‍ അവര്‍ ശിവലിംഗങ്ങള്‍ തകര്‍ത്തു.
കരുണേശ്വര്‍ മഹാദേവ്, അമൃതേശ്വര്‍ മഹാദേവ്, അഭിമുക്തേശ്വര്‍ മഹാദേവ്, ചണ്ഡി-ചന്ദേശ്വര്‍ മഹാദേവ്, ഇവരാണ് കാശിയുടെ അധിപ ദേവതകള്‍.
ദുര്‍മുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ദി വിനായക് എന്നീ അഞ്ച് വിനായകരുടെ പ്രതിമകളും അവര്‍ തകര്‍ത്തു.
അവയുടെ മൂലസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പക്ഷേ ആരും ഇതിനെക്കുറിച്ച് സംസാരിക്കില്ല,’ മഹന്ത് രാജേന്ദ്ര തിവാരി ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കുട്ടിക്കാലം മുതല്‍ ആ വുദു ടാങ്ക് കാണാറുണ്ടെന്നും ഏതെങ്കിലും ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ലെന്നും,’ അദ്ദേഹം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി വിഷയം ജില്ലാ കോടതിക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്. കേസ് പരിചയ സമ്പത്തുള്ള മുതിര്‍ന്ന അഭിഭാഷകനാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വാരണായിലെ ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹരജിയുടെ പിന്നാലെ ക്ഷേത്രത്തില്‍ സര്‍വേ നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടിരുന്നു.
സര്‍വേ തടഞ്ഞുകൊണ്ട് മസ്ജിദ് കമ്മിറ്റിയും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണമുയര്‍ന്നത്.
Content Highlights: The original Shiva lingam was demolished, Gyanvapi is not a Shiva lingam