മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്ന ടര്‍ബോ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച ഉയര്‍ന്നിരുന്നു. 2018ല്‍ മിഥുന്‍ മാനുവല്‍ തോമസ് ജയസൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം ടര്‍ബോ പീറ്ററിന്റെ കഥയാണോ ഇതെന്നായിരുന്നു ചര്‍ച്ച. ടര്‍ബോയുടെയും തിരക്കഥ മിഥുന്‍ മാനുവല്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ടര്‍ബോ പീറ്റര്‍ പോസ്റ്റര്‍ ഇറങ്ങിയിരുന്നെങ്കിലും പിന്നീട് ആ ചിത്രത്തെക്കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ ടര്‍ബോ പീറ്ററല്ല ടര്‍ബോ എന്ന് പറയുകയാണ് മിഥുന്‍. പേരിനൊരു പഞ്ച് കിട്ടാന്‍ ടര്‍ബോ മാത്രമാണ് എടുത്തതെന്നും രണ്ടും ഒരു ചിത്രമല്ലെന്നും മിഥുന്‍ പറഞ്ഞു. ടര്‍ബോയ്ക്ക് ആദ്യമിട്ട പേര് മറ്റൊന്നായിരുന്നുവെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ പറഞ്ഞു.
‘ടര്‍ബോ പീറ്ററല്ല ടര്‍ബോ. ഇതിന്റെ പേര് വേറെ ആയിരുന്നു. പേര് ഒന്നുകൂടി പഞ്ചാക്കണമെന്ന് ആവശ്യം വന്നപ്പോള്‍ എന്റെ കയ്യില്‍ ഒരു പഴയ കഥയിരിപ്പുണ്ട്, അതിന്റെ പേര് ടര്‍ബോ പീറ്ററെന്നാണെന്ന് ഞാന്‍ പറഞ്ഞു. അതില്‍ നിന്നും ടര്‍ബോ മാത്രമെടുത്തു. ആക്ഷന്‍ കോമഡിക്ക് പറ്റിയ പവര്‍ പാക്കഡ് പേരായതുകൊണ്ടാണ് ടര്‍ബോ എടുത്തത്. എല്ലാവരും ചോദിക്കുന്നുണ്ട് ടര്‍ബോ പീറ്റാണോയെന്ന്, അല്ല. ടര്‍ബോ പീറ്ററിലെ ടര്‍ബോ മാത്രമെടുത്തന്നേയുള്ളൂ. ടര്‍ബോ ഇറങ്ങിയതിന് ശേഷം അതിന്റെ ശരിക്കുമുള്ള പേര് ഞാന്‍ പറയാം,’ മിഥുന്‍ പറഞ്ഞു.
ടര്‍ബോയുടെ പോസ്റ്ററിനെ പറ്റിയും മിഥുന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘പോസ്റ്ററിലെ കൈ ഇടിയാണ് കാണിക്കുന്നത്. അത് പഞ്ചാണ്, പവര്‍ പാക്ക്ഡാണ്. ആക്ഷന്‍ കോമഡിയാണ് ചിത്രം. അതൊരു ഴോണറാണല്ലോ. കഥാപാത്രവും കഥ പോയ വഴിയുമൊക്കെ പുള്ളിക്ക് ഇഷ്ടപ്പെട്ടു. കഥ കേട്ട ഉടനെ പുള്ളി ഡേറ്റ് തന്നു. പിന്നെ വൈശാഖേട്ടനും മമ്മൂക്കയും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അവര്‍ തമ്മില്‍ നേരത്തെ തന്നെ ഒരു അടുപ്പം ഉണ്ട്. ഭേദപ്പെട്ട ഒരു കഥ നമ്മള്‍ പറഞ്ഞു എന്ന് തോന്നിയത് കൊണ്ടാവാം ഇതിലേക്ക് പെട്ടെന്ന് വന്നത്,’ മിഥുന്‍ കൂട്ടിച്ചേര്‍ത്തു.