കോഴിക്കോട്: എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ‘ഹരിത’യുടെ നേതാക്കള്‍ക്കെതിരായ സംഘടനാ നടപടി മരവിപ്പിച്ചു. സംഘടനാ തലത്തില്‍ നടപടി നേരിട്ട നേതാക്കള്‍ക്ക് പുതിയ പദവികള്‍ നല്‍കാനാണ് തീരുമാനം.
ഹരിതയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന ഫാത്തിമ തഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നോമിനേറ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. യൂത്ത് ലീഗിന്റെ നേതൃ പദവിയിലേക്ക് ആദ്യമായിട്ടാണ് ഒരു വനിതാ പ്രതിനിധിയെത്തുന്നത്.
മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും നജ്മ തബ്ഷീറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. ഇരുവരും മുന്‍ സംസ്ഥാന ഹരിത ഭാരവാഹികളായിരുന്നു.
ഹരിത വിവാദത്തില്‍ വിദ്യാര്‍ത്ഥിനികളെ പിന്തുണച്ചതിന് നടപടി നേരിട്ട എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ലത്തീഫ് തുറയൂരിനെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തിരിച്ചെടുത്തത്.
അതേസമയം 2023 ജൂണിലാണ് ആദ്യമായി എം.എസ്.എഫിന്റെ സംസ്ഥാന കമ്മിറ്റിയിലേക്ക് വനിതാ ഭാരവാഹികള്‍ എത്തുന്നതും. പി.എച്ച് ആയിശ ബാനു, റുമൈസ റഫീഖ്, അഡ്വ.കെ. തൊഹാനി എന്നിവരെയാണ് ഭാരവാഹികളായി പ്രഖ്യാപിച്ചത്.