| Saturday, 28th December 2024, 7:45 pm

മോഹന്‍ ഭഗവതിനെതിരെ എഡിറ്റോറിയൽ എഴുതേണ്ടതില്ല; സംഭാലിലെ സര്‍വേയെ വീണ്ടും പിന്തുണച്ച് ഓര്‍ഗനൈസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോഹന്‍ ഭഗവതിന്റെ പ്രസംഗത്തിനെതിരെ എഡിറ്റോറിയല്‍ എഴുതി ഒരു വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്ന് ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസര്‍.

സാമൂഹിക സൗഹാര്‍ദത്തിന് വേണ്ടിയാണ് തങ്ങള്‍ നിലനില്‍ക്കുന്നതെന്നും ഓര്‍ഗനൈസര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ നടക്കുന്ന സര്‍വേ സാംസ്‌കാരിക നീതിയാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് മാസികയുടെ പ്രതികരണം.

ബി.ആര്‍. അംബേദ്കര്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ മൂലകാരണം കണ്ടെത്തുകയും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്‍ കേത്കര്‍ പറഞ്ഞു. സാംസ്‌കാരിക നീതിക്കുവേണ്ടി സമാനമായ സമീപനം സംഭാലിലും പുലര്‍ത്തണമെന്നും കേത്കര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സംഭാലിലെ സര്‍വേയെ പിന്തുണച്ച് ഓര്‍ഗനൈസര്‍ കവര്‍ സ്റ്റോറിയും ലേഖനവും പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് മാസികക്കെതിരെ ഉയര്‍ന്നത്. സി.പി.ഐ.എം ഉള്‍പ്പെടെ ഓര്‍ഗനൈസറിനെതിരെ രംഗത്തെത്തിയിരുന്നു.

സംഭാലിലെ ചരിത്രപരമായ വസ്തുതകള്‍ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രാദേശിക ജനതയെ അവരുടെ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമാണ് പ്രദേശത്തെ സര്‍വേയെന്നാണ് ഓര്‍ഗനൈസര്‍ ലേഖനം പറഞ്ഞത്.

ഇതൊരു തുടക്കം മാത്രമാണെന്നും ആര്‍.എസ്.എസ് മുഖമാസിക എഴുതിയിരുന്നു. പ്രാദേശിക വാദികള്‍ സംഭാലിലെ കണ്ടെടുക്കലുകളെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതിനുമേല്‍ പിന്നീട് നടപടി ഉണ്ടായില്ലെന്നും ഓര്‍ഗനൈസര്‍ അവകാശപ്പെട്ടിരുന്നു.

ഇതിനുപിന്നാലെ ഓര്‍ഗനൈസറുടെ പരാമര്‍ശം രാജ്യത്തെ തകര്‍ക്കുന്നതാണെന്നും മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശങ്ങളിലൂടെ പുറത്തുവന്നത് ആര്‍.എസ്.എസിന്റെ ഇരട്ടത്താപ്പാണെന്നും സി.പി.ഐ.എം കേന്ദ്ര നേതൃത്വം വിമര്‍ശിച്ചിരുന്നു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസിന്റ പരമ്പരാഗതമായ സ്വഭാവമാണിതെന്നും സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേ തുടര്‍ന്നാണ് മോഹന്‍ ഭഗവതിനെതിരെ എഡിറ്റോറിയല്‍ എഴുതി വിവാദം സൃഷ്ടിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് ഓര്‍ഗനൈസര്‍ പ്രതികരിച്ചത്. അയോധ്യക്ക് ശേഷം രാജ്യത്ത് പള്ളി-ക്ഷേത്രം തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നത് നല്ലതല്ലെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.

എന്നാല്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെ തള്ളിയ ഓര്‍ഗനൈസര്‍, പള്ളി-ക്ഷേത്ര തര്‍ക്കങ്ങള്‍ സാംസ്‌കാരിക നീതി ഉറപ്പാക്കുന്നതിന് ആവശ്യമായ ചരിത്രസത്യം തേടിയുള്ള പോരാട്ടമാണെന്ന് പറയുകയായിരുന്നു.

Content Highlight: The organiser again supported the survey in Sambhal

We use cookies to give you the best possible experience. Learn more