തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പഠനസംബന്ധമായ വിവരങ്ങളും നോട്ട്‌സുകളും നല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ഹയര്‍സെക്കന്ററി അക്കാദമിക് വിഭാഗം സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പെടെയുള്ള പഠനസംബന്ധമായ കാര്യങ്ങള്‍ വാട്‌സ് ആപ്പ് പോലുള്ള മെസേജിങ് ആപ്പുകള്‍ വഴി നല്‍കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.
ബാലാവകാശ കമ്മീഷന് രക്ഷക്കര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയ്ന്റ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്.
വാട്ട്‌സ്ആപ്പ് പോലുള്ള മെസേജിങ് ആപ്പുകള്‍ വഴി നോട്ട്‌സ് ഉള്‍പ്പെടെ പങ്കുവെക്കുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അമിതഭാരമുണ്ടാക്കുന്നതായും നോട്ടുകള്‍ പ്രിന്റൗട്ട് എടുക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുന്നതായും ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ ബാലാവകാശകമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹയര്‍ സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാര്‍ വാട്ടസ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി നോട്ട്‌സുകള്‍ അയക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
നേരത്തെ കൊവിഡ് കാലത്ത് വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പഠനാവശ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിച്ചിരുന്നു. പഠനം മുടങ്ങാതിരിക്കാനും എളുപ്പത്തില്‍ നോട്ട്‌സുകള്‍ പങ്കുവെക്കാനുമായിരുന്നു ആ കാലയളവില്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെ പഠനകാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഓണ്‍ലൈനായി പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വ്യാപകമായിരുന്നു.
നിലവില്‍ നേരിട്ടുള്ള ക്ലാസുകള്‍ നടക്കുമ്പോഴും അധ്യാപകര്‍ ഓണ്‍ലൈനായി നോട്ട്‌സുകളും മറ്റ് പഠനസംബന്ധമായ കാര്യങ്ങളും നല്‍കുന്നത് ക്ലാസില്‍ നിന്നും ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാകുന്നതിന് കാരണമാവുന്നതായി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
ഇനി മുതല്‍ പ്രിന്‍സിപ്പലിന്റെ കൃത്യമായ മോണിറ്ററിങ് നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. പ്രിന്‍സിപ്പലിന്റെ മോണിറ്ററിങ്ങിന് പിന്നാലെ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടയ്ക്കിടെ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തണമെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പ്രതികരണങ്ങള്‍ തേടണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
Content Highlight: the order prohibits giving notes through messaging apps like WhatsApp